
വെള്ളറട: നിരവധി കവർച്ചാ കേസുകളിലും കൊലപാതകശ്രമ കേസുകളിലും പ്രതിയായ ഇടവാൽ ദേവിയോട്ടുകോണം മുളമൂട്ടുവിളാകം വീട്ടിൽ വലിയകാണി എന്നു വിളിക്കുന്ന നിധീഷ് (22) ആര്യങ്കോട് പൊലീസിന്റെ പിടിയിലായി. കവർച്ചയും കഞ്ചാവ് വില്പനയും ആക്രമണനും നടത്തിയിരുന്ന പ്രതി തമിഴ്നാട്ടിൽ ഒളിവിൽ കഴിയവേ റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. 2021 ആഗസ്റ്റിൽ പുല്ലച്ചക്കോണം സ്വദേശി ശശിയെയും അയൽവാസി അനൂപിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇടവാൽ ടിൻസ് ഭവനിൽ ഭാസ്ക്കരന്റെ വീട്ടിൽ നിന്ന് 6 പവന്റെ ആഭരണങ്ങൾ കവർന്ന കേസിലും പുളിങ്കുടി അഭിരാമം ഭവനിൽ ഗിരീഷിന്റെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും 2019ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് നിധീഷ്. ആര്യങ്കോട് സി.ഐ ശ്രീകുമാരൻ നായർ, എസ്.ഐ സജി ജി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.