1

വിഴിഞ്ഞം: ഏതാനും മാസങ്ങളായി മന്ദഗതിയിലായിരുന്ന ക്രൂ ചെയ്ഞ്ചിന് ഇനി മുതൽ തുടർച്ചയായി കപ്പലുകൾ എത്തുമെന്ന് അധികൃതർ അറിയിച്ചു. അധികൃതരുടെ അവഗണനയാണ് ക്രൂ ചെയ്ഞ്ച് കുറയാൻ കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു. ഫെബ്രുവരിയിൽ 26 കപ്പലുകൾ അടുത്തതുറമുഖത്ത് മാർച്ചിൽ വളരെ ചുരുക്കം എണ്ണം മാത്രമാണ് വന്ന് പോയത്. കൊവിഡ് കാലത്ത് ലോകത്തെ ഒട്ടുമിക്ക തുറമുഖങ്ങൾ അടച്ച് പൂട്ടിയപ്പോഴും കപ്പൽ ജീവനക്കാർ വിഴിഞ്ഞത്ത് എത്തി ക്രൂ ചെയ്ഞ്ച് നടത്തി മടങ്ങിയിരുന്നു. വിഴിഞ്ഞം തുറമുഖത്തേക്ക് മാസം എൻപതോളം കപ്പലുകൾ വരെ അടുത്ത സമയമുണ്ടായിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ മറ്റ് തുറമുഖങ്ങളും ക്രൂ ചെയ്ഞ്ചിനായി അധികൃതർ തുറന്നു. അതോടെ വിഴിഞ്ഞത്ത് എത്തുന്ന കപ്പലുകളുടെ എണ്ണവും കുറഞ്ഞു. ഇടയ്ക്ക് മന്ദഗതിയിലായ ക്രൂ ചേഞ്ചിംഗ് ഫെബ്രുവരി, മാർച്ച്‌ മാസം മുതൽ കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന അധികൃതരുടെ പ്രതീക്ഷക്കും ഇതോടെ തിരിച്ചടിയായി. സമയലാഭവും സാമ്പത്തിക ലാഭവും കണക്കിലെടുത്ത് പത്തോളം ഏജൻസികൾ ഇതിനോടകം വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാമെന്ന ഉറപ്പിൽ എത്തിയിരുന്നു. ഇത്രയും ഏജൻസികൾ ഉണ്ടെങ്കിലും വിഴിഞ്ഞത്ത് കപ്പലടുക്കുന്നത് നാമമാത്രമായി ചുരുങ്ങി. കൊച്ചിയിൽ നിന്നുള്ള ഏജൻസിയെ കൊണ്ട് ബങ്കറിംഗ് സംവിധാനമൊരുക്കി കൂടുതൽ കപ്പലുകളെ അടുപ്പിക്കാനുള്ള ശ്രമങ്ങളും അധികൃതർ ആരംഭിച്ചു.

ബങ്കറിംഗ് സൗകര്യം, അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള വർക്ക് ഷോപ്പ്, കപ്പലുകളിൽ വെള്ളവും ഇന്ധനവും നനയ്ക്കുന്നതിനുള്ള സൗകര്യമില്ല

വിദേശ പൗരന്മാർക്ക് ഇവിടെ നിന്നും കയറാനുള്ള അനുവാദം ഇല്ല. ഇത് അനുവദിച്ചാൽ കൂടുതൽ കപ്പലുകൾ അടുക്കും. ഐ.എസ്.പി.എസ്. കോഡ് നടപ്പിലാക്കുന്ന മുറയ്ക്ക് കൂടുതൽ സുരക്ഷയും കാമറ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും വരുന്നതോടെ ക്രൂ ചെയ്ഞ്ചിന് കൂടുതൽ കപ്പലുകൾ ഇവിടെ എത്തുമെന്നാണ് അധികൃതർ പറയുന്നത്.