thookkam-1

പാറശാല: കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീനഭരണി തൂക്ക മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രധാന നേർച്ചയായ തൂക്കം ഭക്തിനിർഭരമായി രാത്രി ഏറെ വൈകിയും തുടർന്നു.പുലരുന്നതിന് മുൻപുതന്നെ തൂക്ക നേർച്ചകൾ പൂർത്തിയായി.ഇന്നലെ രാവിലെ 6.30 ന് ആരംഭിച്ച തൂക്ക നേർച്ചകൾ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഓർക്കാപ്പുറത്തുണ്ടായ മഴയിലും തടസ്സപ്പെട്ടില്ല. 1098 തൂക്കങ്ങളായിരുന്നു ഇത്തവണ. രാവിലെ 6.30 ന് ആരംഭിച്ച തൂക്ക നേർച്ചകളിൽ പങ്കെടുക്കാൻ ഓരോരുത്തരുടെയും ഊഴം അനുസരിച്ച് കുട്ടികളുമായി കാത്തുനിന്നു. കേരളത്തിലും തമിഴ്‌നാട്ടിൽ നിന്നുമെത്തിയ ഭക്തജനങ്ങളുടെ വമ്പിച്ച തിരക്കാണ് രാവിലെ മുതൽ തന്നെ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.തൂക്ക നേർച്ചകൾ പൂർത്തിയായതിനെ തുടർന്ന് വില്ലിൻ ചുവട്ടിൽ നടന്ന കുരുതിയോടെ തൂക്ക മഹോത്സവം പര്യവസാനിച്ചു. തുടർന്ന് ഇന്നുതന്നെ ദേവിയെ തൂക്ക മുടിപ്പുരയായ വെങ്കഞ്ഞി ക്ഷേത്രത്തിൽ നിന്ന് മൂല ക്ഷേത്രമായ വട്ടവിള ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.