
കല്ലമ്പലം: ക്ഷീര കർഷക കുടുംബത്തിന് ഇരട്ടി മധുരമായി പശുവിന്റെ കടിഞ്ഞൂൽ പ്രസവത്തിൽ കിട്ടിയ ഇരട്ട കിടാവുകൾ. കഴിഞ്ഞ 40 വർഷമായി പശു വളർത്തൽ മുഖ്യതൊഴിലാക്കിയ നാവായിക്കുളം ഇരുപത്തെട്ടാം മൈൽ ചെറുവട്ടിയൂർ കാവിനു സമീപം കോയിക്കൽ വിളാകത്ത് വീട്ടിൽ രാമചന്ദ്രൻ - ഓമന വൃദ്ധ ദമ്പതികളുടെ പശുവാണ് കഴിഞ്ഞ ദിവസം ഇരട്ട കുട്ടികളെ പ്രസവിച്ചത്. ഒരാണും ഒരു പെണ്ണും. ഒരു കുട്ടിയെ പ്രസവിച്ച് ഒരു മണിക്കൂറിനുശേഷമാണ് അടുത്ത കുട്ടിയെ പ്രസവിച്ചത്.
പശുവളർത്തലിലും ആട് വളർത്തലിലും കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. പ്രസവത്തിനു ശേഷം മറ്റൊരു പശുവിനെയും കുട്ടിയേയും വിറ്റ് ചോർന്നൊലിക്കുന്ന വീട് ശരിയാക്കാമെന്ന് കരുതിയെങ്കിലും പ്രസവത്തിൽ ആ പശുവും കുട്ടിയും ചത്തു പോയിരുന്നു. അതിന്റെ ദുഃഖം മാറുന്നതിനു മുൻപ് ഓമനയുടെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ സ്വർണ്ണമാല ബൈക്കിൽ വന്ന കള്ളൻ പൊട്ടിച്ചുകൊണ്ടുപോയി. ഇരട്ട പ്രഹരങ്ങളുടെ നടുവിൽ കുടുംബം പകച്ചുനിൽക്കവേയാണ് സന്തോഷത്തിനുവകനൽകി ഇരട്ടകിടാവുകളുടെ ജനനം.