
പാറശാല: പാറശാലയിൽ ദേശീയപാതയിൽ അടിക്കടി പൈപ്പ് പൊട്ടുന്നത് സ്ഥിരം സംഭവമായിരിക്കുമ്പോൾ കോടികൾ ചെലവഴിച്ചുള്ള ടാറിംഗും പുരോഗമിക്കുകയാണ്. ടാർ ഇളകി വർഷങ്ങളായി കുണ്ടം കുഴിയും നിറഞ്ഞ റോഡുകളാണ് ടാർ ചയ്യുന്നത്. എന്നാൽ പൈപ്പ് ലൈൻ പൊട്ടൽ സ്ഥിരം സംഭവമായ ഇവിടെ ടാർ ചെയ്താലും പൈപ്പ് നന്നാക്കാനായി ടാർ വെട്ടിപ്പൊളിക്കേണ്ടി വരുമെന്നതിനാൽ ടാർ ചെയ്തിട്ടും ഉപയോഗമില്ലെന്ന് നാട്ടുകാർ പറയുന്നു. കാലഹരണപ്പെട്ട പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിച്ച ശേഷം ടാർ ചെയ്താൽ അത് നിലനിൽക്കുമെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് തുടർച്ചയായി ദിവസങ്ങളോളം പൈപ്പ് പൊട്ടിയിരുന്നു. ദേശീയപാതയുടെ ഒരു വശത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതാണ് പൈപ്പ് പൊട്ടലിന് കാരണമെന്ന് മനസിലാക്കിയ അധികൃതർ കാളിപ്പാറയിൽ നിന്നുള്ള വെള്ളം പാറശാലയിൽ എത്തിക്കുന്നതിനായി പൊൻവിളയിൽ നിന്ന് ദേശീയപാതയിലെ ഇടിച്ചക്കപ്ലാമൂട് വരെ പുതിയ മറ്റൊരു പൈപ്പ് ലൈൻ സ്ഥാപിക്കുകയാണ്. ഇതിൽ നിന്ന് വേറൊരു ലൈൻ പരശുവയ്ക്കൽ ഭാഗത്തേക്ക് എത്തിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനായി പൈപ്പുകൾ ഇറക്കിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. എന്നാൽ ഈ ഭാഗത്താണ് ടാറിംഗ് നടക്കുന്നത്. അനുമതി ലഭിക്കുമ്പോൾ ടാർ ചെയ്ത ഭാഗം വെട്ടിപ്പൊളിച്ച് വേണം പൈപ്പ് സ്ഥാപിക്കാൻ. ഇക്കാരണത്താൽ തന്നെ നിലവിൽ നടക്കുന്ന ടാറിംഗ് ജനോപകാരപ്രദമാകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.