
പാറശാല: അഞ്ചാലിക്കോണം കല്ലൂർക്കോണം മണലിവിള വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥനായ അനീഷ് സേവ്യർ (32) ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വീടിന് സമീപത്തുള്ള നാലുപേർക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കുമെന്ന് പാറശാല പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 1.30ന് ഇടിച്ചക്കപ്ലാമൂട് മേൽപ്പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ മരണത്തിന് കാരണം വീടിനു സമീപത്തുള്ളവരാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് ഇവർക്കെതിരെ കേസെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ സ്ത്രീയെ ഉപദ്രവിച്ചതിന് പാറശാല പൊലീസിൽ അനീഷിനെതിരെ പരാതി നൽകിയിരുന്നു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളും ഇതിന് തെളിവായുണ്ടായിരുന്നു. പാറശാല ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ച് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി.