ശിവഗിരി: ശ്രീനാരായണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഏപ്രിൽ 18ന് ശിവഗിരിയിൽ അഹർനിശ ചർച്ച നടക്കും. ശ്രീനാരായണ ദർശനവും സിദ്ധാന്തവും പ്രയോഗവും - ശ്രീനാരായണ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ ആധാരമാക്കിയാണ് ചർച്ച .
ഗുരുദേവനെയും ഗുരുദേവ പ്രസ്ഥാനത്തെയും തമസ്കരിക്കുന്ന പ്രവണതകൾ, വികലമായി വ്യാഖ്യാനിക്കൽ, ഗുരുശിഷ്യ വിവാദം, ഗുരുദേവ കൃതികൾ, ഗുരുദേവ ചരിതത്തിലെ പ്രശ്നങ്ങൾ, ഗുരുദേവ ദർശനവും സംവരണവും, ഗുരുദേവ ദർശനവും മതപരിവർത്തനവും തുടങ്ങിയവയാണ് മുഖ്യ ചർച്ചാവിഷയങ്ങൾ. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മോഡറേറ്ററാവുന്ന ചർച്ചയിൽ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർത്ഥ, സ്വാമി ശുഭാംഗാനന്ദ, പിന്നാക്ക ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി, ഡോ.അമൽ സി.രാജൻ (കാലടി സംസ്കൃത സർവ്വകലാശാല), ഡോ.പി.ചന്ദ്രമോഹനൻ (മുൻ വൈസ് ചാൻസലർ കണ്ണൂർ സർവ്വകലാശാല), ഡോ. അജയ്ശേഖർ (കാലടി സംസ്കൃത സർവ്വകലാശാല), ഡോ.ബി.സുഗീത (അന്താരാഷ്ട്ര ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ), ഡോ.എസ്.ഓമന തുടങ്ങിയവർ സംസാരിക്കും. രാവിലെ 9 ന് ആരംഭിക്കുന്ന ചർച്ചയിൽ ഉച്ച വരെ വിഷയാവതരണവും , 2 മണി മുതൽ പൊതു ചർച്ചയും നടക്കും. കുറിച്ചി സദൻ, പി.വി.രാജേന്ദ്രൻ, കൃഷ്ണാനന്ദ ബാബു, അനിൽ തടാലിൽ, അഡ്വ. കെ.ആർ.അനിൽകുമാർ, ഇ.എം.സോമനാഥൻ തുടങ്ങിയവർ ചർച്ച നയിക്കും. വൈകുന്നേരം ചർച്ചയുടെ തീരുമാനവും പ്രഖ്യാപനവും .
ഏപ്രിൽ 16, 17 തീയതികളിൽ, ശാരദാ പ്രതിഷ്ഠാ വാർഷികം പ്രമാണിച്ച് ഗുരുദേവ കൃതികളെ ആസ്പദമാക്കി ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തും നടക്കും. ഗുരുദേവ ധർമ്മ പ്രചാരകരും പ്രഭാഷകരും പഠിതാക്കളും ചർച്ചയിൽ പങ്കെടുക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളായ സ്വാമി സച്ചിദാനന്ദ (8921891353), സ്വാമി ഋതംഭരാനന്ദ (9447453052), സ്വാമി ശാരദാനന്ദ (9388849993) എന്നിവർ അഭ്യർത്ഥിച്ചു.