
തിരുവനന്തപുരം: മാലിന്യപ്രശ്നം രൂക്ഷമായ തെറ്റിയാർ കനാൽ വീണ്ടെടുക്കാൻ നടപടികളുമായി ടെക്നോപാർക്ക് രംഗത്ത്. തെറ്റിയാറിന്റെ ഒരു ഭാഗം ടെക്നോപാർക്കിന്റെ ഫേസ്-1, ഫേസ്-3 കാമ്പസുകളിലൂടെ കടന്നുപോകുന്നുണ്ട്. കനാലിൽ മാലിന്യം തള്ളുന്നത് തടയാനും മഴക്കാലത്ത് കനാലിൽ നിന്നുള്ള മലിനജലം പാർക്കിലേക്കും സമീപപ്രദേശങ്ങളിലേക്കും ഒഴുകാതിരിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി കനാലിൽ ഒരു കിലോമീറ്റർ നീളത്തിൽ ചകിരിച്ചോർ കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹാർദ്ദ മതിൽ നിർമ്മിക്കും. ഇതിനായി ടെക്നോപാർക്ക് അധികൃതർ ഇ-ടെൻഡറും വിളിച്ചിട്ടുണ്ട്. മഴക്കാലത്ത് പ്രദേശവാസികളും ടെക്കികളും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് തെറ്റിയാറിൽ മലിനജലം നിറഞ്ഞൊഴുകുന്നത്. 10 കി.മീ നീളമുള്ള കനാലിന്റെ 3 കിലോമീറ്റർ ടെക്നോപാർക്ക് കാമ്പസിലൂടെയാണ് കടന്നുപോകുന്നത്. ജനസാന്ദ്രതയേറിയ കഴക്കൂട്ടം-കുളത്തൂർ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കനാലിന്റെ ഭാഗത്തും വലിയതോതിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഇത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ്. നഗരസഭയുടെ അനുചിതമായ അറ്റകുറ്റപ്പണികളും മാലിന്യഭീഷണിക്ക് ആക്കം കൂട്ടുകയാണ് ചെയ്തത്. ഒരുവശത്ത് കഴക്കൂട്ടം അതിവേഗം വികസിക്കുമ്പോൾ മറുവശത്ത് തെറ്രിയാർ കനാൽജലം കൂടുതൽ മലിനമാകുകയാണ്.
സംരക്ഷിക്കാൻ ചകിരിച്ചോർ തടയണ
കേരള ഐ.ടി പാർക്ക് സി.ഇ.ഒ ജോൺ എം. തോമസിന്റെ നേതൃത്വത്തിലാണ് ടെക്‌നോപാർക്ക് മാനേജ്‌മെന്റ് കനാലിനോട് ചേർന്ന് ചകിരിച്ചോർ തടയണ നിർമ്മിക്കുന്നത്. ഫേസ്-1 കാമ്പസിലെ ഒരു കിലോമീറ്ററോളം വരുന്ന കനാൽ മേഖലയാണ് ഇത്തരത്തിൽ സംരക്ഷിക്കുന്നത്. ഭാവിയിൽ ഈ എംബാങ്ക്മെന്റ് പദ്ധതി ഫേസ്-3 കാമ്പസിലേക്കും വ്യാപിപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പാർക്കിനുള്ളിലെ കനാൽ ഭാഗത്ത് അടിഞ്ഞുകൂടുകയും ഇത് നിശ്ചിത ഇടവേളകളിൽ പാർക്ക് അധികൃതർ വൃത്തിയാക്കുകയുമാണ് നിലവിൽ ചെയ്യുന്നത്. കനാലിൽ നിന്ന് പാർക്കിലേക്ക് വെള്ളം കയറുന്ന ഭാഗത്ത് മാലിന്യം കയറുന്നത് തടയാൻ മെറ്റൽ ഗ്രേറ്റ് സ്ഥാപിക്കും. ഏകദേശം 32 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. തടയണയ്ക്ക് ചുറ്റും വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കും.
കൂടുതലും നഗരസഭാ പരിധിയിൽ
എന്നാൽ ടെക്നോപാർക്കിന്റെ ഈ നടപടി പാർക്ക് ജീവനക്കാർക്ക് ഉപകാരപ്രദമാകുന്നതുപോലെ പൊതുജനങ്ങൾക്കും ഉപകാരപ്രദമാകണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ടെക്‌നോപാർക്കിലൂടെ കടന്നുപോകുന്ന കനാലിന്റെ ഭാഗം മാത്രമാണ് പാർക്ക് മാനേജ്മെന്റ് പരിപാലിക്കുന്നത്. ബാക്കിയുള്ള കനാലിന്റെ വലിയൊരു ഭാഗവും നഗരസഭാ പരിധിയിലാണ്. ഇത് വൃത്തിയാക്കി സംരക്ഷിക്കുന്നതിൽ നഗരസഭ കാര്യമായ പ്രവർത്തനങ്ങൾ നടത്താത്തതും പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്.