pra

ബ്ളസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് പൃഥ്വിരാജ് സഹാറ മരുഭൂമിയിൽ. അടുത്ത നാല്പത് ദിവസത്തെ ചിത്രീകരണം സഹാറ മരുഭൂമിയിലായിരിക്കും. സഹാറ മരുഭൂമിയിൽ നിന്നുള്ള വീഡിയോയും പൃഥ്വിരാജ് പങ്കുവച്ചു. ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി ജൂൺ മാസത്തിൽ പൃഥ്വിരാജ് മടങ്ങിയെത്തും. മാർച്ച് 31നാണ് പൃഥ്വിരാജ് അൾജീരിയയിലേക്ക് യാത്ര തിരിച്ചത്. അൾജീരിയയ്ക്കു പുറമെ 35 ദിവസം ജോർദാനിൽ വാദിറയിൽ ആടുജീവിതത്തിന്റെ ചിത്രീകരണമുണ്ട്. ഇതോടെ ചിത്രീകരണം പൂർത്തിയാകും.സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ആടുജീവിതത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രണ്ടുവർഷത്തിനു ശേഷമാണ് വീണ്ടും ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നത്.അതേസമയം ജനഗണമന ആണ് പൃഥ്വിരാജിന്റെ പുതിയ റിലീസ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് സഹതാരം. ഡ്രൈവിംഗ് ലൈസൻസിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ജനഗണമന ഏപ്രിൽ 28ന് തിയേറ്ററിൽ എത്തും.