
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട വലിയകുളം എന്നറിയപ്പെടുന്ന ആറാട്ട്കുളം നവീകരിച്ചു. ശങ്കരനാരായണ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. കേരളകൗമുദി നിരന്തരം വാർത്ത നൽകിയതിനെ തുടർന്നാണ് കുളത്തിന്റെ നവീകരണത്തിനായി ഫണ്ട് അനുവദിച്ചത്. പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡിൽ 17 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം കുളം നാടിന് സമർപ്പിക്കും. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 15 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5 ലക്ഷവും ചിലവിട്ടാണ് കുളം നവീകരിച്ചത്. കുളത്തിലെ വെള്ളം വറ്റിച്ച ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. പൊട്ടി പൊളിഞ്ഞ കൽ പടവുകൾ കെട്ടി വൃത്തിയാക്കി. കുളത്തിന്റെ നാല് വശവും കൂടാതെ പൊളിഞ്ഞ ഭാഗങ്ങൾ സിമന്റ് ഉപയോഗിച്ച് കെട്ടി മിനുസപ്പെടുത്തി. നിരന്തരം ആത്മഹത്യകളും മുങ്ങിമരണങ്ങളും നടന്നിരുന്ന കുളത്തിന്റെ മുകൾ ഭാഗത്ത് സുരക്ഷാവേലികൾ നിർമ്മിച്ചു. നവീകരണം ഇനിയും ബാക്കിയുള്ളതിനാൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ആ തുക ഉപയോഗിച്ച് കുളത്തിന്റെ പരിസരം മനോഹരമാക്കാനാണ് ലക്ഷ്യമിടുന്നത്. പൂന്തോട്ടവും പാർക്കും നിർമ്മിക്കാനും പദ്ധതിയുണ്ട്. രാത്രി വിജനമായ പ്രദേശത്ത് ലൈറ്റ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ ഉപയോഗിച്ച് പരമാവധി കുളത്തിന്റെ നവീകരണവും ഭംഗിയും വൃത്തിയും കൂട്ടാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത് അധികൃതർ.
നിരന്തരം അപകടങ്ങളും ആത്മഹത്യകളും പെരുകിയതിനെ തുടർന്ന് കുളം നവീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പലതവണ അധികൃതർ ഉറപ്പ് നൽകിയെങ്കിലും പാലിക്കയുണ്ടായില്ല. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 18 ഓളം പേർ കുളത്തിൽ മരിച്ചതായാണ് കണക്ക്. കുളത്തിന്റെ ഒരു ഭാഗം ദേവസ്വം ബോർഡ് കീഴിലാണ്. ബാക്കിയുള്ളത് ഇറിഗേഷൻ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പരിധിയിലാണ്. രാത്രി കാലത്ത് വിജനമായ കുളത്തിന് സമീപം സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
ദൂര ദിക്കിൽ നിന്നുപോലും വിദ്യാർത്ഥികളും കായികാഭ്യാസികളും നീന്തൽ പരിശീലനത്തിനായി കുളത്തിലെത്താറുണ്ട്. ആയതിനാൽ നീന്തൽ കുളമായും സമീപത്ത് തണൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് പാർക്കായും പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെട്ടവും വെളിച്ചവും ജന സാമീപ്യവും അപകടങ്ങൾ കുറയ്ക്കുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. ലൈഫ് ഗാർഡിന്റെ സേവനം വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.