
വിഴിഞ്ഞം: രാജ്യാന്തര തുറമുഖ പദ്ധതി സ്ഥലത്തെ 220 കെ.വി വൈദ്യുത സബ്സ്റ്റേഷൻ ഇന്നലെ ചാർജ് ചെയ്‌തു. പരീക്ഷണാർത്ഥം നടത്തിയ ചാർജിംഗ് വിജയകരമായിരുന്നുവെന്ന് തുറമുഖ നിർമ്മാണ കരാർ കമ്പനിയായ അദാനി പോർട്സ് അധികൃതർ പറഞ്ഞു. തുറമുഖ പദ്ധതിക്കായി ഏറ്റെടുത്ത വിഴിഞ്ഞം മുക്കോലയിലുള്ള ഗ്യാസ് ഇൻസുലേറ്റഡ് 220 കെ.വി സബ്സ്റ്റേഷൻ കാട്ടാക്കടയിലെ കെ.എസ്.ഇ.ബി ഗ്രിഡുമായാണ് ലിങ്ക് ചെയ്‌തിരിക്കുന്നത്.
മുക്കോലയിൽ നിന്ന് 33 കെ.വിയായി തുറമുഖ നിർമ്മാണ സ്ഥലത്ത് നിർമ്മിച്ച സ്റ്റേഷനിൽ വൈദ്യുതിയെത്തിച്ചശേഷം ഇവിടെ നിന്ന് 11 കെ.വിയായിട്ടാവും തുറമുഖത്തേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുകയെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി തടസപ്പെട്ടാൽ അടിയന്തര ഘട്ടത്തിലേക്കായി കാഞ്ഞിരംകുളം സബ് സ്റ്റേഷനിൽ നിന്ന് ഭൂഗർഭ കേബിൾവഴി വൈദ്യുതിയെത്തിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സബ്സ്റ്റേഷൻ ഉദ്ഘാടനത്തിന് മുന്നോടിയായാണ് ഇന്നലെ പരീക്ഷണ ചാർജിംഗ് നടത്തിയത്. സർക്കാർ 100ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ഉടനുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം.