
തിരുവനന്തപുരം: വിശാഖപട്ടണത്തു നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ കന്നഡ വിപ്ളവഗാനം ആലപിച്ച് ശ്രദ്ധ നേടിയ മലയാളി ബാലിക പ്രാർത്ഥന കണ്ണൂരിൽ ഇന്നാരംഭിക്കുന്ന പാർട്ടി കോൺഗ്രസിൽ വിപ്ളവഗാനവുമായി എത്തുന്നു. 'ചുവന്ന മണ്ണിലേക്ക് വന്ന ധീരരേ' എന്ന് തുടങ്ങുന്ന ഗാനം മന്ത്രി വി. ശിവൻകുട്ടിയാണ് പ്രകാശനം ചെയ്തത്. 'പുഷ്പനെ അറിയാമോ ' എന്ന ഗാനം പ്രാർത്ഥന ആലപിച്ചത് യു ട്യൂബിൽ കണ്ടത് ഒരു ദശലക്ഷത്തിലധികം ആളുകളാണ്. കവടിയാർ അമ്പലമുക്കിലെ രതീഷ് കുമാറിന്റെയും ശനൽകലയുടെയും മകളാണ് പ്രാർത്ഥന. പിതാവ് രതീഷ് രചിച്ച വരികൾക്ക് ഈണം പകർന്നത് പ്രാർത്ഥനയുടെ സംഗീത അദ്ധ്യാപികയും ആകാശവാണി ജീവനക്കാരിയുമായ രഞ്ജിനി സുധീരനാണ്. ചാല സെൻട്രൽ തിയേറ്റർ റോഡിലെ കൊടിതോരണങ്ങളുടെ വില്പനക്കാരനും സി.പി.എം പേരൂർക്കട എൽ.സി അംഗവുമാണ് രതീഷ്.
കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയായ പ്രാർത്ഥന ആയിരത്തോളം വേദികളിൽ വിപ്ലവ ഗാനം ആലപിച്ചിട്ടുണ്ട്. വനിതാ മതിലിന്റെ ഭാഗമായി ആലപിച്ച ഗാനം പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നാലു വയസുമുതൽ പാട്ട് പഠിക്കുന്ന പ്രാർത്ഥന രാജീവ് ശിവ സംവിധാനം ചെയ്ത വെള്ളാരം കുന്നിലെ വെള്ളി മീനുകൾ, ശ്രീനിവാസൻ ഒരുക്കിയ മാടൻ എന്നീ സിനിമകളിലും ഗാനം ആലപിച്ചിട്ടുണ്ട്. പിന്നണി ഗായികയാകാൻ കൊതിക്കുന്ന പ്രാർത്ഥന ചിത്രകാരി കൂടിയാണ്.