തിരുവനന്തപുരം: മരാമത്ത് പ്രവൃത്തികൾ കരാർ കാലാവധിക്ക് മുമ്പേ പൂർത്തീകരിക്കുന്ന പൊതുമരാമത്തു വകുപ്പിലെ കരാറുകാർക്ക് അഞ്ചുലക്ഷം രൂപാവരെ പെർഫോമൻസ് ഇൻസെന്റീവ് നൽകുന്നത് പുന:സ്ഥാപിച്ച് സർക്കാർ ഉത്തരവായി. കരാർ കാലാവധിയുടെ 85 ശതമാനം സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നവർക്കാണ് ആനുകൂല്യം. എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനം മുതൽ പരമാവധി അഞ്ചു ലക്ഷം രൂപാ വരെയാണ് ഇൻസെന്റീവായി നൽകുക. നേരത്തെ ഇത് അനർഹരായ പലരും തട്ടിയെടുക്കുന്നുവെന്ന് പരാതി ഉയർന്നതിനെത്തുടർന്നാണ് നിറുത്തിവച്ചത്. എന്നാൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പി.എ മുഹമ്മദ് റിയാസ് ചുമതലയേറ്റശേഷം തട്ടിപ്പിനുള്ള പഴുതുകൾ ഇല്ലാതാക്കിയശേഷമാണ് ഇത് പുന:സ്ഥാപിച്ചത്.
കരാറുകാരുടെ പെർഫോമൻസ് ഗ്യാരന്റി തുക മൂന്നു ശതമാനമാക്കി കുറച്ചത് 2023 മാർച്ച് 31 വരെ നീട്ടിയും സർക്കാർ ഉത്തരവായി. കരാറുകാർ പണികൾ ഏറ്റെടുക്കുമ്പോൾ എസ്റ്റിമേറ്റ് തുകയുടെ 5 മുതൽ 10 ശതമാനം വരെ പെർഫോമൻസ് ഗ്യാരന്റിയായി നൽകണമെന്നാണ് ചട്ടം. കൊവിഡ് സാഹചര്യം പരിഗണിച്ച് നൽകിയിരുന്ന ഇളവ് കഴിഞ്ഞ ജനുവരി ആറിന് അവസാനിച്ചിരുന്നു. കേന്ദ്ര സർക്കാർ മാർച്ച് 31വരെ ഇളവ് നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരും ഉത്തരവിറക്കിയത്.