 വിവാദമായപ്പോൾ മയപ്പെടുത്തി

 സാമ്പത്തിക പ്രതിസന്ധി ഗുരുതരം

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനായില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ലേ ഓഫ് (അടച്ചുപൂട്ടൽ)​ ചെയ്യേണ്ടിവരുമെന്ന് ആശങ്കയുണ്ടെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ തുറന്നുപറച്ചിൽ. കേരളാ സ്റ്റേറ്റ്‌ ട്രാൻസ്‌പോർട്ട്‌ ഡ്രൈവേഴ്‌സ്‌ യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ നടത്തിയ ഈ പ്രസംഗം വിവാദമായി. ജീവനക്കാരുടെ സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തി. അതോടെ മാദ്ധ്യമങ്ങൾക്കുമുന്നിൽ അദ്ദേഹം വാക്കുകൾ മയപ്പെടുത്തി. ലേ ഓഫ് ചെയ്യുമെന്നല്ല പറഞ്ഞതെന്നും അങ്ങനെയുള്ള ഗുരുതരമായ സ്ഥിതി വിശേഷമാണ് ഇന്ധനവില വർദ്ധനമൂലം ഉരുണ്ടുകൂടി വരുന്നതെന്നും പറ‍ഞ്ഞു.

അതേസമയം, മന്ത്രി സമ്മേളന പ്രസംഗത്തിൽ പറഞ്ഞതിന് സമാനമായ സ്ഥിതിവിശേഷമാണ് സ്ഥാപനത്തിൽ നിലനിൽക്കുന്നതെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. കടത്തിൽ മുങ്ങി നിൽക്കുന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ബാദ്ധ്യത 10,000 കോടിയോളം രൂപയാണ്. കൊവിഡ് വ്യാപനത്തിനു മുമ്പ് പ്രതിദിനം 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് ഇപ്പോൾ 18.41 ലക്ഷമായി കുറഞ്ഞു. അതിനനുസരിച്ച് വരുമാനത്തിൽ ഇടിവുണ്ടായി.

സർക്കാർ സഹായത്താലാണ് ശമ്പളം ഉൾപ്പെടെ നൽകുന്നത്. കഴിഞ്ഞ വർഷം 2000 കോടിയാണ് സർക്കാർ നൽകിയത്. ശമ്പള പരിഷ്‌കരണത്തിലൂടെ വന്ന അധികച്ചെലവ് പ്രതിമാസം 15 കോടി. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചാലും കാര്യമുണ്ടാകില്ല. വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽവില കുത്തനെ കൂട്ടിയത് വലിയ തിരിച്ചടിയായി. പ്രതിമാസം 35 കോടിയുടെ അധികച്ചെലവ്. അവസാന ശ്രമമെന്ന നിലയിൽ ജീവനക്കാരെ കുറയ്ക്കാനുള്ള നടപടികൾക്ക് തുടക്കമിടേണ്ടിവന്നു. പകുതിശമ്പളത്തിന് ലീവ് അനുവദിക്കുന്ന രീതി തുടങ്ങി. കുറച്ചുപേർ ചേർന്നപ്പോൾതന്നെ മാസം ചെലവിനത്തിൽ 10 ലക്ഷത്തിന്റെ കുറവുണ്ടായി.

വരുമാനവും ചെലവും

124.77 കോടി

പ്രതിമാസ വരുമാനം

312.54 കോടി

പ്രതിമാസച്ചെലവ്

26,578

സ്ഥിരം ജീവനക്കാർ

41,000

പെൻഷൻകാർ

1020 കോടി

പ്രതിവർഷംശമ്പളത്തിന്

820 കോടി

പ്രതിവർഷം പെൻഷന്

3,458.34 കോടി

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ

7,712.02 കോടി

സർക്കാരിൽ നിന്നുള്ള വായ്പ

''

സർക്കാരിന്റെ മനസിലിരുപ്പാണ് പുറത്തുവന്നത്. പൊതുഗതാഗതം ലാഭനഷ്ടത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു കൊണ്ടുപോകേണ്ടതല്ല.

-ആർ.ശശിധരൻ,​ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്,​ ടി.ഡി.എഫ്

''

ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം അപക്വം. യാത്രക്കാരോടും ജീവനക്കാരോടുമുള്ള വെല്ലുവിളി.

-കെ.എൽ രാജേഷ്,
ജന. സെക്രട്ടറി,​ കെ.എസ്.ടി എംപ്ലോയീസ് സംഘ്