trin

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ അടുത്തമാസം കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ ഷിർദ്ദിയിലേക്ക് സർവീസ് തുടങ്ങും. സ്വകാര്യ വത്കരണത്തന് 2017 മുതൽ കേന്ദ്രസർക്കാർ തുടങ്ങിയ ശ്രമം ഇപ്പോഴാണ് വിജയിച്ചത്. ട്രെയിനിനുമേൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതെ സമ്പൂർണമായി വിട്ടുകൊടുക്കാൻ തയ്യാറായതോടെയാണ് സ്വകാര്യ കമ്പനി സന്നദ്ധമായത്. ചെന്നൈയിലെ എം.സി.പ്രോപ്പർട്ടി ഡെവലപ്പേഴ്സ് കമ്പനിയാണ് സർവീസ് ഏറ്റെടുത്തത്. റെയിൽവേയുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള വാടകയായി ഒരു കോടിരൂപ ഇവർ കഴിഞ്ഞ ദിവസം കൈമാറി. ഇൗ മാസം ട്രെയിൻ കൈമാറും. പേരും മറ്റ് നിരക്കുകളും ഉടൻ തീരുമാനിക്കും.

കഴിഞ്ഞവർഷം നവംബറിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച ഭാരത്ഗൗരവ് ട്രെയിൻ പദ്ധതിയുടെ ഭാഗമായാണ് സ്വകാര്യ സർവീസിന് അനുമതി നൽകിയത്. എൻജിനും ബോഗികളും റെയിൽവേ നിർമ്മിച്ച് നൽകും.

ദക്ഷിണ റെയിൽവേയിൽ മാർക്ക് മെട്രോ, ദുരൈ ഗ്രൂപ്പ്, നാദാംബാൾ ഏജൻസി,എസ്.എൻ.ജെ. മാർക്കറ്റിംഗ് ആൻഡ് ട്രേഡിംഗ് ഇന്ത്യ,സത്യ അസോസിയേറ്റ്സ്, തുടങ്ങിയ സ്ഥാപനങ്ങളും പുതിയ സർവീസുകൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ശബരിമല സർവീസ് എന്ന പേരിൽ ഹൈദരാബാദ് -കോട്ടയം ട്രെയിൻ വരാനും സാദ്ധ്യതയുണ്ട്.

 നിരക്ക് ഉടമ തീരുമാനിക്കും

ട്രെയിനിന്റെ പേര്, ഓടുന്ന സമയം, നിറുത്തുന്ന സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്ക്, ഭക്ഷണം, പാനീയം (വേണമെങ്കിൽ മദ്യവും വിളമ്പാം), മറ്റ് ആഡംബര സൗകര്യങ്ങൾ എല്ലാം കമ്പനി നിശ്ചയിക്കും.

 റെയിൽവേയ്ക്ക് വെറും വാടക

പാളങ്ങളിലൂടെ ഓടുന്നതിനും വൈദ്യുതി ഉപയോഗിക്കുന്നതിനും പാർക്ക് ചെയ്യുന്നതിനും നിശ്ചിത വാടക റെയിൽവേയ്ക്ക് ഓരോ വർഷവും ലഭിക്കും.അതിനപ്പുറം യാതൊരു നിയന്ത്രണവും ഇല്ല.

 18:

ബോഗികൾ

 1414 കി.മീ.

ദൂരം

 അഞ്ചുവർഷത്തെ ശ്രമം

2017ൽ സ്വകാര്യ സർവീസിന് ആദ്യമായി അനുമതി ലഭിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. 2020ൽ ഡൽഹി,മുംബയ്, ചണ്ഡീഗഡ് തുടങ്ങി 12 ക്ളസ്റ്ററുകളിലെ 109 റൂട്ടുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചെങ്കിലും വിജയിച്ചില്ല. 15 സ്ഥാപനങ്ങൾ താത്പര്യപത്രം നൽകിയെങ്കിലും ഫിനാൻസ് ബിഡ് സമർപ്പിച്ചില്ല. തേജസ് ട്രെയിൻ സർവീസുകൾ നൽകാൻ സന്നദ്ധമായെങ്കിലും ആരും മുന്നോട്ടുവന്നില്ല. റെയിൽവേയുടെ ഐ.ആർ.സി.ടി.സി തന്നെ സർവീസ് കരാർ ഏറ്റെടുത്തു. മുംബയ് -അഹമ്മദാബാദ് റൂട്ടിലാണ് ഇൗ സർവീസ്.