കള്ളിക്കാട്: കള്ളിക്കാട് പഞ്ചായത്തുകൂടി ഉൾപ്പെടുന്ന നെയ്യാർ വന്യജീവി സങ്കേത പ്രദേശം പരിസ്ഥിതി ലോല മേഖലയിൽ (ഇക്കോ സെൻസിറ്റീവ് സോൺ) ഉൾപ്പെടുത്തി കരടുവിജ്ഞാപനം വന്നതിനെതിരെ കള്ളിക്കാട്ട് പ്രതിഷേധം ശക്തമാകുന്നു. ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നാളെ കള്ളിക്കാട്ട് ഹർത്താൽ പ്രഖ്യാപിച്ചു.കരട് വിജ്ഞാപനം വന്നപ്പോൾ പഞ്ചായത്തിലെ ആറ് വാർഡുകളാണ് പരിസ്ഥിതി ലോല പ്രദേശമായി മാറുന്നത്. സർവകക്ഷി യോഗം ചേർന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എയെ രക്ഷാധികാരിയായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാറിനെ കൺവീനറുമാക്കി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

വാഴിച്ചൽ, കള്ളിക്കാട്, അമ്പൂരി വില്ലേജുകളാണ് നെയ്യാർ വന്യജീവി സങ്കേത പരിധിയിൽ വരുന്നത്. പരുത്തിപ്പള്ളി ഫോറസ്റ്റ് പരിധിയിലുള്ള മണ്ണൂർക്കരയും വിതുര ഫോറസ്റ്റ് പരിധിയിലുള്ള വിതുര വില്ലേജുകളും ഈ മേഖലയിൽ ഉൾപ്പെടും. എട്ടിന് മന്ത്രി തലത്തിൽ നടക്കുന്ന യോഗത്തിന് ശേഷം പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എം.എൽ.എമാരായ ജി. സ്റ്റീഫൻ,​ സി.കെ. ഹരീന്ദ്രൻ എന്നിവർ പറഞ്ഞു.