തിരുവനന്തപുരം: തിരുവല്ലത്ത് വീട്ടിൽ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറുകൾ കത്തിക്കുകയും വീട്ടിലേക്ക് തീ പടരുകയും ചെയ്‌ത സംഭവത്തിൽ സമീപത്തെ സി.​സി ടിവി കാമറാ ദൃശ്യങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം.

തിരുവല്ലം മേനിലംപാലറക്കുന്ന് ‘ശില്പ'യിൽ ഭാസിയുടെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ സ്‌കൂട്ടറുകൾക്ക് തീവച്ചത്. സംഭവത്തിനുശേഷം സമീപത്തെ റോഡുവഴി ഒരാൾ ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ ആളെ തിരിച്ചറിയാൻ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ പൊലീസ് ശ്രമം തുടങ്ങി. കൂടാതെ പ്രദേശത്തെ മറ്റ് ചില കാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് രാത്രിയിൽ അതുവഴി കടന്നുപോയവരെ കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. സംഭവത്തിൽ ചിലരെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ലഭിച്ചശേഷം ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് തീരുമാനം. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫോർട്ട് അസി.കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഭാസിയോടും കുടുംബത്തോടും ആർക്കും ശത്രുതയുള്ളതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവസമയം ഭാസി ജോലിക്ക് പോയിരുന്നതിനാൽ ഭാര്യ ഷീജ, മക്കൾ ഭാവന, ഭാഗ്യ, ഷീജയുടെ അമ്മ സുലോചന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഭാവനയുടെയും അയൽവാസിയായ ലതികയുടെ സ്കൂട്ടറുമാണ് നശിച്ചത്. സ്കൂട്ടറുകളിൽ മണ്ണെണ്ണ ഒഴിച്ചശേഷം തീവയ്‌ക്കുകയായിരുന്നുവെന്നാണ് നിഗമനം.