chenkal-phc

പാറശാല: ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വൈദ്യുതി കണക്‌ഷൻ കഴിഞ്ഞ നാലുദിവസമായി മുടങ്ങിയതിനെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം കാർ ഷെഡിലും വരാന്തയിലുമാക്കിയത് പ്രതിഷേധത്തിനിടയാക്കി. ആശുപത്രിയുടെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് വൈദ്യുതി മുടങ്ങിയത് എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചെങ്കൽ പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ ധർണ നടത്തി. ധർണ സി.പി.എം ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.എസ്. സന്തോഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ മെമ്പർ ചെങ്കൽ സാജൻ, എസ്.എഫ്.ഐ ചെങ്കൽ എരിയാ സെക്രട്ടറി ആഷിഷ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അക്ഷയ് എന്നിവർ ധ‌ർണയ്ക്ക് നേതൃത്വം നൽകി. ജനറേറ്റർ സ്ഥാപിച്ച് ആശുപത്രിയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതോടെയാണ് ധർണ അവസാനിപ്പിച്ചത്. ജനറേറ്റർ സ്ഥാപിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധവും പുനസ്ഥാപിച്ചു. മീറ്ററിന് സമീപമുള്ള പഴയ വയറിംഗ് കത്തിപ്പോയതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നും ഈ വിവരം യഥാസമയം പഞ്ചായത്തിനെ അറിയിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും സെക്രട്ടറി പറഞ്ഞു.