
പ്രിയരുചികളുമായി പ്രമുഖ രാഷ്ട്രീയ നേതാക്കൾ
രുചിയുളള ഭക്ഷണം എന്നും എന്റെയൊരു ബലഹീനതയാണ്. ധാരാളം ഭക്ഷണം കഴിക്കാറില്ലെങ്കിലും ആസ്വദിച്ച് കഴിക്കുകയാണ് ശീലം. അപ്പനിൽ നിന്ന് കിട്ടിയതാണിത്. കൊപ്ര കളം,കയർ ബിസിനസ് തുടങ്ങിയവയോടൊപ്പം പലചരക്ക് കടയും അപ്പനുണ്ടായിരുന്നു. ഉച്ചയൂണിന് അപ്പന് എരിവുളള മീൻകറി നിർബന്ധമായിരുന്നു. ഞങ്ങളുടെ വീടിന് ചുറ്റും വീതിയുളള വെളളം നന്നായി ഒഴുകുന്ന നാല് തോടുകളായിരുന്നതിനാൽ മത്സ്യം സമൃദ്ധമായിരുന്നു. ഫ്രിഡ്‌ജ് പോലെയുളള സംവിധാനങ്ങൾ അക്കാലത്ത് എത്തിയിട്ടില്ലാത്തതിനാൽ,അന്നന്നേയ്‌ക്ക് ആവശ്യമുള്ള മത്സ്യം തോട്ടിലോ,കുളത്തിലോ നിന്നു പിടിച്ചെടുക്കും. ഉച്ചയ്‌ക്ക് അപ്പൻ കട പൂട്ടി വന്ന് ഒന്നോ രണ്ടോ തവണ വല വീശിയാൽ കറിക്കുളള മീൻ കിട്ടും. ഞണ്ട്,കരിമീൻ,കണമ്പ്,ചെമ്മീൻ തുടങ്ങിയ മീനുകൾ തോട്ടിൽ സുലഭമായിരുന്നു.
മൺ ചട്ടിയിൽ പാകം ചെയ്‌തെടുക്കുന്ന,കൊതിയൂറുന്ന അമ്മയുടെ മീൻ കറിയിൽ പച്ച വെളിച്ചെണ്ണയും,കാന്താരി മുളക് ഞെരടിയിട്ടതും ചേർത്ത് കഴിക്കുന്നതാണ് അപ്പന് ഇഷ്‌ടം. ചെറു ചൂടുളള കണമ്പിന്റെയോ,കരിമീനിന്റെയോ മാംസം കിളളിയെടുത്ത് ഇളം പുളിപ്പുളള ചാറിൽ മുക്കി ഒരുപിടി ചോറും ചേർത്ത് വളരെ ആസ്വദിച്ചാണ് അപ്പൻ കഴിച്ചിരുന്നത്. കറി-മസാല-സുഗന്ധ വ്യജ്ഞനക്കൂട്ടുകൾ വീട്ടിൽ അമ്മ സ്വയം തയ്യാറാക്കുന്നവയായിരുന്നതിനാൽ അമ്മയുടെ കറികൾക്കെല്ലാം പ്രത്യേക രുചിയും ഗന്ധവുമായിരുന്നു.
ഞായറാഴ്‌ച ദിവസങ്ങളിൽ പോത്തിറച്ചിയുണ്ടാകും.പോത്തിറച്ചി വയ്‌ക്കുമ്പോൾ കൂടെ പച്ചക്കായോ,ചേമ്പോ,കൂർക്കയോ ഏതെങ്കിലും കൂടി ചേർക്കും. ചില ഞായറാഴ്‌ചകളിൽ പോർക്ക് വിന്താലുവും ഉണ്ടാകും.കടുക്,ഇഞ്ചി,വെളുത്തുളളി,നല്ല ചുകപ്പൻ ഉണക്കമുളക്,പച്ചമുളക്,കുരുമുളക് പൊടി,ഇറച്ചി മസാല,മഞ്ഞൾ പൊടി എന്നിവ ചേർത്തരച്ചതിൽ കളളുവിനാഗിരി കൂട്ടി മയപ്പെടുത്തിയ മിശ്രിതം തുല്യ വലുപ്പത്തിൽ കനം കുറച്ച് മുറിച്ചെടുത്ത പോത്തിറച്ചിയിൽ ചേർത്ത് കുറച്ചു സമയം പാകമാക്കാൻ വയ്‌ക്കും. പിന്നീട് മൺചട്ടിയിൽ അടച്ചുവച്ച് വേവിക്കും.എരിവിന്റെ രാജാവാണ് ഈ കറി.
പെരുന്നാളിനും പ്രധാന വിശേഷ ദിവസങ്ങളിലും മാത്രം പാകപ്പെടുത്തിയിരുന്ന താറാവും,കോഴിയും,വീട്ടിൽതന്നെ വളർത്തിയെടുക്കുകയായിരുന്നു പതിവ്. കല്യാണ തലേന്നത്തെ മുഖ്യ വിഭവങ്ങളിൽ ചിലതായിരുന്നു മുട്ടിച്ചാറും പോട്ടിക്കറിയും. കല്യാണപരിപാടിയിൽ മിക്കവാറും ഒരു ഇടത്തരം പോത്തിനെ കല്യാണവീട്ടിൽ തന്നെ കൊല്ലുകയായിരുന്നു പതിവ്.പോത്തിന്റെ കുടൽ,പതിര് എന്നിവ വൃത്തിയാക്കി തേങ്ങയും മസാലയും ചേർത്ത് വറുത്തരച്ചതും,പച്ചക്ക നുറുക്കും ചേർത്ത് വെളളം വറ്റിച്ച് പാകപ്പെടുത്തിയെടുക്കുന്ന പോട്ടികറിയാണ് രാത്രി ഭക്ഷണത്തിന്റെ മുഖ്യ കൂട്ട്. പോത്തിന്റെ കാലും കൈയും വെട്ടി നുറുക്കിയത് പ്രത്യേക പരുവത്തിൽ തേങ്ങ അരച്ച് ചേർത്തു തയ്യാറാക്കുന്നതാണ് മുട്ടിച്ചാറ്. മുട്ടിച്ചാറ് ഇല്ലാത്ത കല്ല്യാണവീടുകൾ വിരളമായിരുന്നു.1962 ചൈന യുദ്ധകാലത്ത് ഞാൻ തേവര തിരുഹൃദയ കലാലയത്തിലെ വിദ്യാർത്ഥിയാണ്. യുദ്ധത്തെ തുടർന്ന് അരിക്ഷാമം രൂക്ഷമായതിനാൽ ഹോസ്റ്റലിലെ പ്രധാന ഭക്ഷണം കപ്പയും പോത്തിറച്ചിയും ആയിരുന്നു. നല്ലയിനം കപ്പ ധാരാളമായി കിട്ടുമായിരുന്ന അക്കാലത്ത് നെയ്യുളള പോത്തിറച്ചിയും, കപ്പ പുഴുങ്ങിനുറുക്കിയതും മസാല ചേർത്ത് ഒരുമിച്ച് വേവിച്ചെടുക്കുന്ന കപ്പപുഴുക്ക് ഇന്നത്തയേതൊരു മാംസാഹാരത്തെയും കവച്ചുവയ്‌ക്കുന്നതായിരുന്നു.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓരോ സ്ഥലത്ത് പോകുമ്പോഴും ആ സ്ഥലത്തെ പ്രധാന ഭക്ഷണം ചോദിച്ചറിഞ്ഞ് ഞാൻ കഴിക്കാറുണ്ട്. കോഴിക്കോട്ടെ കല്ലുമ്മക്കായ,മട്ടാഞ്ചേരി കായിക്കാന്റെ ബിരിയാണി,തിരുവനന്തപുരത്തെ ഹോട്ടൽ റെഹ്മാനിയായിലെ കേത്തൽ ചിക്കൻ, കണ്ണൂരിന്റെ കൊഞ്ച് പൊരിച്ചത്,കോട്ടയത്തെ പനം പാനി എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. കേരളം വിട്ടാൽ മുഗൾ ഭക്ഷണം എന്നെ സ്വാധീനിക്കാറുണ്ട്. ഓൾഡ് ഡൽഹിയിലെ ചില ഹോട്ടലുകളിൽ രുചികരമായ കബാബ് കിട്ടും. ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ ചൈനീസ് ഭക്ഷണം കിട്ടുന്ന എനിക്കിഷ്‌ടപ്പെട്ട ചില റെസ്റ്റോറന്റുകളുണ്ട്.
വിദേശയാത്രകളിൽ പാസ്‌ത,പിസ തുടങ്ങിയ ഭക്ഷണങ്ങൾ രുചിക്കാറുണ്ട്. ഫൈസ്റ്റാർ ഭക്ഷണത്തെക്കാൾ എനിക്ക് എന്നും പ്രിയം നമ്മുടെ നാടൻ ഭക്ഷണങ്ങളോടാണ്.കുമ്പളങ്ങി പലഹാരങ്ങളും എനിക്ക് കൊതി നൽകുന്നവയാണ്. നല്ല ചെത്ത് കളള് ചേർത്ത് പുളിപ്പിച്ച അരിപ്പൊടി കുഴച്ച് ആവിയിൽ പുഴുങ്ങിയെടുത്ത വട്ടയപ്പം,ശർക്കരയപ്പം,കുമ്പിളപ്പം,ചക്കയട,വാഴപ്പഴം പുഴുങ്ങി നുറുക്കി നെയ്യും പഞ്ചസാരയും ചേർത്തത്,പച്ചരി കഴുകി വെളളം വാർന്നുപോയ ഉടനെ ഉരലിൽ കുത്തിപൊടിച്ചു അരിച്ചെടുക്കുന്ന അരിപ്പൊടികൊണ്ടുണ്ടാക്കുന്ന അച്ചപ്പം, കുഴലപ്പം,മധുരം ചേർത്ത ഡയമണ്ട് പലഹാരം,എണ്ണയിൽ പൊരിച്ച ചെറുമണിപലഹാരങ്ങൾ,കപ്പപൊടി കൊണ്ടുണ്ടാക്കുന്ന പൊരിച്ചുണ്ട, പഴംപൊരി,അവലോസുണ്ട,അച്ചപ്പം തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നതാണ്.
വിശുദ്ധിയുടെ പലഹാരമായ കൊഴുക്കട്ട പണ്ട് കാലത്ത് ശനിയാഴ്‌ച മാത്രമാണ് ഉണ്ടാക്കിയിരുന്നത്. അരിപ്പൊടി നന്നായി വറുത്ത് ചുടുവെളളത്തിൽ കുഴച്ച് ഉണ്ടയാക്കിയതിൽ ശർക്കര പാനിചേർത്ത് വിളയിച്ച് നല്ല മൂത്ത തേങ്ങയുടെ പീരയും ഏലക്ക പൊടിച്ചതും നിറച്ച്, ആവിയിൽ പുഴുങ്ങി എടുക്കുന്ന കൊഴുക്കട്ട എനിക്കിന്നും എന്നും ഏറ്റവും പ്രിയപ്പെട്ടതാണ്.വിശേഷ അവസരങ്ങളിൽ ഉണ്ടാക്കുന്ന മറ്റൊരു പലഹാരമാണ് അവലോസുണ്ട.കുത്തി പൊടിച്ചെടുക്കുന്ന അരിപ്പൊടിയിൽ മൂത്ത തേങ്ങയുടെ പീരചേർത്ത് ഉരുളിയിൽ ഗോതമ്പു നിറത്തിൽ വറുത്ത് ശർക്കര പാനിയും ചേർത്ത് ഉരുട്ടി ഉണ്ടപോലെയാക്കിയാണ്,അവലാസുണ്ട തയ്യാറാക്കുന്നത്. ദീർഘ നാൾ കേടുകൂടാതെ ഇരിക്കും എന്നതാണ് അവലോസുണ്ടയുടെ പ്രത്യേകത.
എനിക്ക് ഇഷ്‌ടപ്പെട്ട പാനീയം കരിക്കാണ്. കരിക്കിൻ വെളളം കുടിച്ചുകഴിഞ്ഞാൽ കാമ്പും കഴിക്കും. കരിക്കിൽ നിന്നും ഉണ്ടാകുന്ന കോക്കനട്ട് സുഫ്ലേയുടെ സ്വാദ് ഇടയ്‌ക്ക് ഞാൻ ആസ്വദിക്കാറുണ്ട്. ഇഞ്ചിയും കാന്താരിമുളകും ചേർത്തുണ്ടാക്കുന്ന കേരളീയരുടെ ഗാർഹിക പാനീയം സംഭാരം എത്ര കുടിച്ചാലും വേണ്ടായെന്ന് തോന്നില്ല. നാടൻ പഴവർഗങ്ങളായ ആത്തച്ചക്ക,അണ്ണാറച്ചക്ക,ഞാവൽ പഴം,മാമ്പഴം ഇവയൊക്കെ എന്നെ എപ്പോഴും ആകർഷിക്കുന്നു.
കുമ്പളങ്ങി രുചികരമായ നാടൻ ഭക്ഷണ ശീലങ്ങളുടെ ഒരു കലവറയാണ്. പരസ്‌പരം പങ്കുവയ്‌ക്കുന്ന സ്വഭാവം എനിക്ക് കിട്ടിയത് അപ്പനിൽ നിന്നും കുമ്പളങ്ങിയിൽ നിന്നുമാണ്. അപ്പൻ മീൻ പിടിക്കുമ്പോൾ വീട്ടിലേക്കാവശ്യത്തിനെടുത്ത് ബാക്കി അയൽക്കാർക്കും,ബന്ധുക്കൾക്കും കൊടുത്തയയ്‌ക്കും.അതുകണ്ട് വളർന്ന ഞാൻ ഇപ്പോഴും ഞങ്ങളുടെ വീട്ടിൽ നട്ടു വളർത്തുന്ന പച്ചക്കറികൾ,പഴങ്ങൾ,മാങ്ങ,മീൻ തുടങ്ങിയവ മറ്റുളളവർക്ക് പങ്കുവയ്‌ക്കുന്നു. എം.പിയായിരുന്ന സന്ദർഭത്തിലും ഡൽഹിയിൽ ഞങ്ങളുടെ വീട്ടുമുറ്റത്ത് ധാരാളം ചീരയും വാഴയും പച്ചക്കറികളും വളർത്തിയിരുന്നു.ഇവയെല്ലാം ഡൽഹിയിലെ സുഹൃത്തുക്കൾക്ക് പങ്കുവച്ചിരുന്നു.ഞാൻ മാത്രമല്ല,കുമ്പളങ്ങിയിലെ തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകളും ഇത്തരം പങ്കുവയ്‌ക്കൽ സ്വഭാവമുളളവരാണ്. അതുകണ്ട് വളർന്ന എന്റെ ഈ സ്വഭാവത്തെയാണ്, ആളുകൾ തെറ്റിദ്ധരിച്ച് സ്ഥാനമാനങ്ങൾക്കു വേണ്ടിയുളള പങ്കുവയ്‌ക്കലാണ് എന്നുപറഞ്ഞ് പരത്തിയിരുന്നത്.
ഭക്ഷണം ഒരിക്കലും ഞാൻ തനിച്ച് കഴിക്കാറില്ല.ആരൊക്കെയാണ് എന്റെ കൂടെയുണ്ടാവുക അവർക്കെല്ലാം ഭക്ഷണം നൽകും. വീട്ടിലാണെങ്കിലും പുറത്താണെങ്കിലും സഹപ്രവർത്തകർക്കൊപ്പമാണ് എന്റെ ഭക്ഷണം. അപ്പോഴാണ് എന്റെ വയറ് നിറയുക.
ഭക്ഷണത്തോടുളള എന്റെ ഇഷ്‌ടവും താത്പര്യവും തന്നെയാണ് പട്ടിണിക്കെതിരെയുളള ഭക്ഷ്യസുരക്ഷാനിയമത്തിനും,എറണാകുളം മണ്ഡലത്തിലെ 63,000ത്തോളം വിദ്യാർത്ഥികൾക്ക് എല്ലാ പ്രവർത്തി ദിവസങ്ങളിലും പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നതിനും എന്നെ പ്രേരിപ്പിച്ച ഘടകം.
'അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്ക് തമ്പുരാൻ.'
എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഇവിടെ കടമെടുക്കട്ടെ.ഭൗതിക ജീവിതത്തിലെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം,വസ്ത്രം തുടങ്ങിയവയ്‌ക്ക് മുട്ട് വരാതെ നമ്മളെ തൃപ്‌തരാക്കുന്ന ആ ബ്രഹ്മത്തിന് എന്നും എപ്പോഴും സ്‌തുതി.
തയ്യാറാക്കിയത്: സായ്‌കൃഷ്‌ണ ആർ.പി