
തിരുവനന്തപുരം: ടീച്ചറെ ഞങ്ങൾ എങ്ങനെയാ സഹായിക്കേണ്ടത്?, എന്ന ഒരുപാടു പേരുടെ അന്വേഷണത്തിനൊടുവിലാണ് 'ലൈഫ്' എന്ന പേരിൽ താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനമൊരുക്കാൻ ബിന്ദു തയ്യാറായത്.
കഴിഞ്ഞ മാർച്ച് എട്ടിന് കാൻസറിനെ നിറക്കൂട്ടുകൾ കൊണ്ട് അതിജീവിച്ച ബിന്ദുവിന്റെ ജീവിതകഥ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് കാലമായതുകൊണ്ടുതന്നെ ഏഴു മാസം മുമ്പ് ബിന്ദുവിന് കാൻസർ ബാധിച്ചതും ചികിത്സയിൽ കഴിഞ്ഞതൊന്നും അധികമാരും അറിഞ്ഞിരുന്നില്ല. കൈമനത്ത് ബിന്ദുവിന്റെ ചിത്രകലാ പഠന കേന്ദ്രമായ ഹാന്റിക് പ്രവർത്തിക്കാത്തത് കൊവിഡ് സാഹചര്യത്തിലാണെന്നാണ് അതുവരെ ശിഷ്യരും കരുതിയിരുന്നത്. വാർത്ത വന്നതോടെ അന്വേഷണ പ്രവാഹമായി.
ചിത്രങ്ങളാണ് ബിന്ദുവിന്റെ ജീവിതവും വരുമാനമാർഗവും. അതുകൊണ്ടുതന്നെ എല്ലാവരും ഒരു തീരുമാനമെടുത്തു. ബിന്ദു വരച്ച ചിത്രങ്ങളുടെ എക്സിബിഷൻ സംഘടിപ്പിക്കുക. ആ തീരുമാനത്തിന്റെ ഫലമാണ് ഇന്നലെ മുതൽ മ്യൂസിയം ഓഡിറ്റോറിയത്തിൽ ആരംഭിച്ച ലൈഫ് എന്ന എക്സിബിഷൻ. വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, മ്യൂറൽ മുതൽ 18 കാരറ്റ് സ്വർണ്ണത്തിൽ തീർക്കുന്ന തഞ്ചാവൂർ ചിത്രങ്ങൾ വരെ പ്രദർശനത്തിലുണ്ട്. കട്ടൻചായ കൊണ്ട് സൃഷ്ടിച്ച യേശുവും കോഫിയിൽ സൃഷ്ടിച്ച കണ്ണനുമെല്ലാം ഇവിടെയുണ്ട്. പ്രശസ്ത ചിത്രകാരൻ ബി.ഡി.ദത്തൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. നേമം പുഷ്പരാജ്, സൂര്യ കൃഷ്ണമൂർത്തി, ഗായകൻ വിധു പ്രതാപ് എന്നിവർ പങ്കെടുത്തു. 12 വരെയാണ് പ്രദർശനം. സമയം രാവിലെ 10 മുതൽ രാത്രി 7 വരെ.