
കിളിമാനൂർ: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നഗരൂർ ജംഗ്ഷൻ. കിളിമാനൂർ സംസ്ഥാന പാതയിൽ നിന്ന് ആലംകോട് നാഷണൽ ഹൈവയേ ബന്ധിപ്പിക്കുന്ന റോഡിലെ പ്രധാന ജംഗ്ഷനാണ് നഗരൂർ. നാല് റോഡുകൾ സന്ധിക്കുന്ന ഇവിടെ കിളിമാനൂർ, കാരേറ്റ്, ആലംകോട്, കല്ലമ്പലം തുടങ്ങിയ പ്രധാന ടൗണുകളിൽനിന്ന് നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. റോഡ് വികസനവും ടൗൺ വികസനവും നടപ്പിലാക്കിയിട്ട് രണ്ട് വർഷത്തോളമായിട്ടും നൂറ്റമ്പതോളം ഓട്ടോ, ടെമ്പോ, ടാക്സി വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്ന ഇവിടെ മതിയായ പാർക്കിംഗ് സ്റ്റാൻഡുകൾ ഒരുക്കുവാൻ അധികാരികൾ മറന്ന മട്ടാണ്. നൂറിൽപ്പരം വ്യാപാര, വാണിജ്യ സ്‌ഥാപനങ്ങളും ബാങ്കുകളും, മറ്റ് സ്വകാര്യ ബാങ്ക്, ഇതര സ്‌ഥാപനങ്ങളിലുമൊക്കെയായി ഞെങ്ങി ഞെരുങ്ങി കഴിയുന്ന ഇവിടെ വരുന്നവരുടെ വാഹനങ്ങൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തോന്നുംപടി പാർക്ക്ചെയ്ത് വൻ ഗതാഗത കുരുക്കുണ്ടാക്കുന്നു. ഇത് കൂടാതെയാണ് വാഹന തിരക്കുള്ള സമയങ്ങളിൽ പോലും വ്യാപാര സ്‌ഥാപനങ്ങളിലേക്ക് വരുന്ന അന്യ സംസ്‌ഥാന ചരക്ക് ലോറികളും ഡെലിവറി വാനുകളും ഓരോ കടകൾക്കും മുന്നിലിട്ട് ചരക്കിറക്കിയും ഗതാഗതക്കുരുക്കുണ്ടാക്കുന്നു.
തെക്കുംവടക്കും ഓട്ടം
ജംഗ്ഷൻ വികസനം നടത്തുന്നതിന് മുൻപ് അധികാരികളുടെ പ്രധാന വാഗ്ദാനമായിരുന്നു നാലു റോഡുകളിലും ബസ് സ്റ്റോപ്പ് നിർമ്മിക്കുമെന്നത്. ബസ് ബേക്കു സ്‌ഥലം വരച്ചിട്ടതു തന്നെ മിച്ചം. ദിവസേന നൂറുകണക്കിന് വിദ്യാർത്ഥിളും മറ്റ് യാത്രക്കാരും ബസിന് പിറകെ ഓടേണ്ട അവസ്‌ഥയാണ്. ബസു കാത്തുനിൽക്കുന്ന ഇവർ പൊരിവെയിലത്തു കടത്തിണ്ണകളിലാണ് അഭയം തേടുന്നത്.