althara-road

മലയിൻകീഴ്: ആൽത്തറ-കുരിയോട് റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മഴപെയ്താലുടൻ റോഡാകെ വെള്ളം കെട്ടും. വാഹനങ്ങൾക്കും കാൽനടക്കാർക്കുപോലും പോകാനാകാത്തവിധം ചെളി നിറഞ്ഞ് വെള്ളം ആറ് പോലെയാകും. രണ്ടര മാസം മുൻപ് ഈ റോഡ് റീ ടാറിംഗ് നടത്തി നവീകരിച്ചപ്പോൾ പ്രദേശവാസികൾ വെള്ളക്കെട്ട് ഉള്ള സ്ഥലം അല്പം ഉയർത്തിയശേഷം ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ ചെവിക്കൊണ്ടില്ല. വെള്ളം ഒലിച്ച് പോകുന്നതിനുള്ള സംവിധാനമോ ഓടയോ ഇല്ലാത്തതാണ് ഈ റോഡിലെ വെള്ളക്കെട്ടിന് പ്രധാനകാരണം. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 19ാം വാർഡും വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ 10ാം വാർഡിലുമായിട്ടാണ് ആൽത്തറ-കുരിയോട് റോഡ് കടന്നുപോകുന്നത്. 1000 ലേറെ കുടുംബങ്ങൾ ഈ റോഡിന് ഇരുവശത്തുമായി താമസിക്കുന്നുണ്ട്. മഴപെയ്താലുടൻ ഈ റോഡ് വെള്ളക്കെട്ടായി മാറും. ആൽത്തറ ഭഗവതി ക്ഷേത്രത്തോട് ചേർന്ന വെള്ളക്കെട്ട് കാരണം ക്ഷേത്രത്തിലെത്തുന്നവരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. മാസങ്ങൾ കഴിഞ്ഞാലും വെള്ളം താഴാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

**വഴിനടക്കാൻ വയ്യ

തിമിരിച്ചൽ സി.എസ്.ഐ ചർച്ച്, കുരിയോട് യക്ഷിഅമ്മൻ കോവിൽ എന്നീ ആരാധനാ സ്ഥലങ്ങളിൽ പോകുന്നവരും യാത്രാദുരിതം അനുഭവിക്കുന്നുണ്ട്. മഴയത്തും മഴ കഴിഞ്ഞാലും യാത്രചെയ്യാനാകാത്ത അവസ്ഥ. വെള്ളത്തിൽ മുങ്ങി ഇരു ചക്രവാഹനങ്ങൾ അപകടത്തിലാകുന്നതും വാഹനത്തിന് തകരാർ സംഭവിക്കുന്നതും പതിവാണ്. റോഡ് ആരംഭിക്കുന്ന ആൽത്തറ ക്ഷേത്ര ജംഗ്ഷൻ മുതൽ റോഡിൽ ഒരിടത്തും പൊതു ഓട നിർമ്മിച്ചിട്ടില്ല. റോഡിന്റെ താഴ്ന്ന ഭാഗമെല്ലാം വെള്ളക്കെട്ടായി മാറും. വളവുകളും റോഡിനോട് ചേർന്ന് നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും അപകടക്കെണിയായി തീർന്നതിന് പുറമേയാണ് വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമാകുന്നത്.

**റോഡ് തകർന്നു

വെള്ളം ഒലിച്ച് പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മലയിൻകീഴ, വിളവൂർക്കൽ ഗ്രാമപഞ്ചായത്തുകളിലുൾപ്പെട്ടതിനാൽ ഇരുപഞ്ചായത്തുകളും തമ്മിൽ അഭിപ്രായ സമന്വയം ഉണ്ടാകാത്തതാണ് പ്രദേശവാസികൾ വെള്ളക്കെട്ട് ദുരിതമനുഭവിക്കേണ്ടി വരുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. റോഡ് ടാറിംഗ് നടത്തി നവീകരിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളുവെങ്കിലും വെള്ളക്കെട്ടും ചെളിയും കാരണം റോഡിന്റെ പലഭാഗവും തകർന്ന് തുടങ്ങിയിട്ടുണ്ട്.