tree

കിളിമാനൂർ: വിനോദ സഞ്ചാരികൾക്കും, ഭക്തജനങ്ങൾക്കും ഭീഷണിയായി ഈട്ടി മരം. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മീൻ മൂട്ടി വെള്ളച്ചാട്ടത്തിനും മീൻ മൂട്ടി ശ്രീധർമ്മാ ശാസ്താ ക്ഷേത്രത്തിനും സമീപത്തായി സർക്കാർ വക ഭൂമിയിൽ ഉണങ്ങി അടിഭാഗം ദ്രവിച്ച് ഏത് നിമിഷവും നിലം പതിക്കാവുന്ന തരത്തിൽ നിൽക്കുന്ന കൂറ്റൻ ഈട്ടിമരമാണ് അപകട ഭീഷണിയുയർത്തുന്നത്. ശ്രീനാരയണ ഗുരുവിന്റെ സന്ദർശനം കൊണ്ടും മീൻ മൂട്ടി വെള്ളച്ചാട്ടം കൊണ്ടും പ്രസിദ്ധമായ ഇവിടെ ദിവസേന നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. വൃക്ഷത്തിന്റെ അവസ്ഥ കണ്ട് ക്ഷേത്ര ഭാരവാഹികളും ഗുരുദേവ മന്ദിര സംരക്ഷണ സമിതി അംഗങ്ങളും വില്ലേജ്, പഞ്ചായത്ത്, ഫോറസ്റ്റ് അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന അക്ഷേപമാണുള്ളത്. വേനൽ മഴ കൂടി എത്തിയതോടെ പ്രദേശത്താകെ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയും ഒടിഞ്ഞുമൊക്കെ വീഴുമ്പോൾ ഈ ഈട്ടി മരത്തെ ഓർത്ത് പ്രാർത്ഥനയോടെ ഇരിക്കുകയാണ് പ്രദേശവാസികളും ഭക്ത ജനങ്ങളും.