kdvr

കടയ്ക്കാവൂർ: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കളഞ്ഞ് കിട്ടിയ പേഴ്സും അതിനുള്ളിൽ ഉണ്ടായിരുന്ന 10,000 രൂപയും വിലപ്പെട്ട രേഖകളും ഡിപ്പോയിൽ ഏൽപ്പിച്ച് അഞ്ചുതെങ്ങ് സ്വദേശിനിയായ വനിതാ കണ്ടക്ടർ. ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടറും അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശിനിയുമായ എസ്. റാന്താ ഷാജിയ്ക്ക് യാത്രയ്ക്കിടയിൽ ബസിൽ നിന്നും ലഭിച്ച പണമടങ്ങിയ പേഴ്സും രേഖകളുമാണ് ഡിപ്പോയിൽ വിവരം അറിയിച്ചു തിരികെ ഏൽപ്പിച്ചത്. യാത്രക്കാരുടെ സാന്നിദ്ധ്യത്തിൽ തന്നെ എണ്ണി തിട്ടപ്പെടുത്തി യാത്രക്കാരെ സാക്ഷിയാക്കി ആറ്റിങ്ങൽ ഡിപ്പോയിൽ ഏൽപ്പിയ്ക്കുകയായിരുന്നു. ആർ.പി.സി 143 എന്ന കെ.എസ്.ആർ.ടി.സി ബസിലെ വനിതാ കണ്ടക്ടറാണ് റാന്ത. ഈ ബസിലെ ഡ്രൈവർ കൊല്ലം സ്വദേശിയായ എസ്. ദിനേശനാണ്. വക്കം- തിരുവനന്തപുരം സർവ്വീസിനിടയ്ക്കായിരുന്നു പേഴ്സ് ലഭിച്ചത്. ഉടൻ തന്നെ ഡിപ്പോയിൽ അറിയിക്കുകയും തിരികെ വരുമ്പോൾ അത് ആറ്റിങ്ങൽ യൂണിറ്റിൽ ഏൽപ്പിയ്ക്കുകയുമായിരുന്നു. അഞ്ചുതെങ്ങ് കോവിൽതോട്ടം ശ്രീശൈലത്തിൽ റാന്താ ഷാജി മുൻ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.