
മെഡിക്കൽ പഠനത്തിനായി മലയാളി കുട്ടികൾ ലോകമെങ്ങും ഓടി നടക്കുമ്പോൾ ഉള്ള സൗകര്യങ്ങൾ പോലും വേണ്ടവിധം പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനു കഴിയുന്നില്ല. ആരോഗ്യമേഖലയിലെ പുരോഗതിക്കനുസരണമായി വേണ്ടത്ര മെഡിക്കൽ കോളേജുകൾ വന്നിട്ടില്ല. സംസ്ഥാനം രൂപീകൃതമായിട്ട് ആറര പതിറ്റാണ്ടു കഴിഞ്ഞെങ്കിലും സർക്കാർ മെഡിക്കൽ കോളേജുകളുടെ എണ്ണം ഏഴ് ! ഇവയിൽ രണ്ടെണ്ണത്തിന് മെഡിക്കൽ കോളേജ് എന്ന പേര് മാത്രമേയുള്ളൂ. എം.ബി.ബി.എസ് കോഴ്സിന് കുട്ടികളെ പ്രവേശിപ്പിക്കാൻ കഴിയുന്നില്ല. സൗകര്യങ്ങളുടെ അഭാവത്തിൽ ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിൽ ഈ വർഷവും ദേശീയ മെഡിക്കൽ കൗൺസിൽ പ്രവേശനാനുമതി നിഷേധിച്ചെന്നാണു കേൾക്കുന്നത്.
അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ കഴിഞ്ഞമാസം ഒറ്റയടിക്ക് പന്ത്രണ്ട് മെഡിക്കൽ കോളേജുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ആരോഗ്യരംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന യു.പിയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയ്ക്ക് ഡസൻ കണക്കിന് പുതിയ മെഡിക്കൽ കോളേജുകൾ പ്രവർത്തനം തുടങ്ങി. ആന്ധ്രയിലും തെലങ്കാനയിലും കർണാടകയിലുമൊക്കെ ഒട്ടേറെ മെഡിക്കൽ കോളേജുകൾ ഇക്കാലയളവിൽ പിറവിയെടുത്തു. കേരളത്തിൽ മെഡിക്കൽ സീറ്റുകൾ ഇപ്പോഴും 4105ൽ ഒതുങ്ങുന്നു.
2014-ലാണ് ഇടുക്കി മെഡിക്കൽ കോളേജ് നിലവിൽവന്നത്. തൊട്ടടുത്ത വർഷം കോന്നി മെഡിക്കൽ കോളേജിനു വേണ്ടിയുള്ള പ്രവർത്തനം തുടങ്ങിയെങ്കിലും അതിന്റെ ഭാഗമായുള്ള ആശുപത്രി ആരംഭിച്ചത് 2020-ൽ മാത്രമാണ്. ഒ.പി വിഭാഗം മാത്രം പ്രവർത്തിക്കുന്ന ആശുപത്രിയായതിനാൽ മെഡിക്കൽ സീറ്റുകൾക്ക് അനുമതി ലഭിച്ചതുമില്ല. തുടങ്ങി പത്തുവർഷത്തോളമായിട്ടും മെഡിക്കൽ കോളേജുകൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കാൻ കഴിയാത്ത കെടുകാര്യസ്ഥതയെ എങ്ങനെ വിശേഷിപ്പിക്കണം? മെഡിക്കൽ കോളേജുകൾക്കു മാത്രമായി പ്രത്യേകം യൂണിവേഴ്സിറ്റി സൃഷ്ടിച്ചിട്ടും പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ലെന്നല്ലേ മനസിലാക്കേണ്ടത്. ഇതിനുശേഷം തുടങ്ങിയ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ നൂറും നൂറ്റമ്പതും സീറ്റുകളിൽ പ്രവേശനം നടക്കുമ്പോൾ സർക്കാർ വിലാസം മെഡിക്കൽ കോളേജുകൾ മാത്രം തഴയപ്പെടുന്നതിലെ അസാംഗത്യം സർക്കാരിനു ബോദ്ധ്യമാകാത്തതെന്താണ് ?
ഇരുനൂറ് കിടക്കകളുള്ള ആശുപത്രി മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ഉണ്ടാകണമെന്നത് മെഡിക്കൽ കൗൺസിലിന്റെ നിബന്ധനകളിൽ പ്രധാനപ്പെട്ടതാണ്. ഓരോ അദ്ധ്യയന വർഷത്തിന്റെയും തുടക്കത്തിൽ സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനം സംബന്ധിച്ചുണ്ടാകുന്ന പ്രതിസന്ധികളിൽ ഒന്നു മാത്രമാണ് ഇടുക്കി - കോന്നി കോളേജുകളിലേത്. മെഡിക്കൽ കൗൺസിൽ നിബന്ധനകൾ പാലിച്ച് നല്ലനിലയിൽ ഇവയുടെ പ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ഇരുനൂറു കുട്ടികൾക്കെങ്കിലും പ്രവേശനം ലഭിക്കുമായിരുന്നു. എത്രയോ കുട്ടികളുടെ അവസരമാണ് സർക്കാരിന്റെ ഉദാസീനത മൂലം നഷ്ടപ്പെട്ടത്. മെഡിക്കൽ സർവകലാശാലാ അധികൃതർ യഥാർത്ഥത്തിൽ എന്താണു ചെയ്യുന്നതെന്ന് അന്വേഷിക്കേണ്ടതാണ്. അപര്യാപ്തതകൾ പരിഹരിച്ചാൽ അടുത്ത വർഷം ഇടുക്കിയിലും കോന്നിയിലും പ്രവേശനാനുമതി ലഭിക്കുമെന്നാണ് ആരോഗ്യ സർവകലാശാലാ പി.വി.സി പറയുന്നത്. നാട്ടുകാരല്ലല്ലോ അപര്യാപ്തതകൾ പരിഹരിക്കേണ്ടത്.
പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ സ്വാശ്രയ മേഖലയിൽ നിന്ന് പുതുതായി ആരും മുന്നോട്ടുവരുന്നില്ല. പൊതുപ്രവേശന പരീക്ഷയിലെ റാങ്ക് അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നൽകുന്ന രീതി വന്നതോടെ തലവരി വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കാനുള്ള അവസരം ഇല്ലാതായതാണത്രെ ഈ വിരക്തിക്കു കാരണം. ദാരിദ്ര്യം പറഞ്ഞ് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാതിരിക്കുന്നത് കുട്ടികളോടു കാണിക്കുന്ന വലിയ അനീതിയാണ്. സ്വകാര്യ മേഖല മടിച്ചുനിന്നാൽ ആ കടമ ഏറ്റെടുക്കേണ്ടത് സർക്കാർ തന്നെയാണ്. അതോടൊപ്പം നിലവിലുള്ള സർക്കാർ മെഡിക്കൽ കോളേജുകൾ പരമാവധി മെച്ചപ്പെടുത്താനുള്ള നടപടികളും ഉണ്ടാകണം.