sslc

തിരുവനന്തപുരം: പത്താം ക്ലാസുകാരെ വലച്ച് രണ്ടാമത്തെ പരീക്ഷയായ ഇംഗ്ലീഷ്. പതിവു ശൈലിയും വാക്കുകളും വിട്ടുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചുപോയെന്നാണ് പല കുട്ടികളും അഭിപ്രായപ്പെട്ടത്. എട്ട് മാർക്കിനുള്ള രണ്ട് ഉത്തരങ്ങൾ എഴുതേണ്ട മൂന്ന് ചോദ്യങ്ങളിൽ രണ്ടെണ്ണം നരേറ്റീവ് ടൈപ്പായതും കുട്ടികളെ വലച്ചു. സാധാരണയായി ഒരു നരേഷനും ഒരു റൈറ്റപ്പും ഒരു സ്പീച്ചുമായാണ് വരുന്നത്. ഇക്കുറി രണ്ട് നരേറ്റീവും ഒരു സ്പീച്ചുമാണ് വന്നത്.

എട്ടാമത്തെ ചോദ്യത്തിന് മൂന്ന് ചോയിസ് നൽകിയിട്ടുണ്ടെങ്കിലും ശരിയുത്തരം ഏതെന്ന് കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ക്രിയയുമായി (വെർബ്) ബന്ധപ്പെട്ട ചോദ്യങ്ങളും കുട്ടികളെ വലച്ചു. മൈ സിസ്റ്റേഴ്സ് ഷൂസ് എന്ന കോൺവർസേഷനുമായി ബന്ധപ്പെട്ടു വന്ന ചോദ്യങ്ങളിൽ ചിലതും പരോക്ഷമായിരുന്നു. അനുഭവസമ്പത്ത് ഇല്ലാത്ത അദ്ധ്യാപകർ ചോദ്യമൊരുക്കിയതാണ് ഇതിന് കാരണമെന്നും ചില അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷ് പരീക്ഷ വെള്ളം കുടിപ്പിച്ചതോടെ എട്ടിന് നടക്കുന്ന ഹിന്ദി പരീക്ഷയെ ഓർത്ത് ആശങ്കയിലാണ് പല കുട്ടികളും.