
കല്ലമ്പലം: നിരന്തരം പിന്തുടർന്ന് ശല്യം ചെയ്‌തതിനെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പള്ളിക്കൽ പകൽക്കുറി കൊട്ടിയംമുക്ക് നെല്ലിവിളാകം വീട്ടിൽ രാമചന്ദ്രനാണ് (46) പിടിയിലായത്. കഴിഞ്ഞ 16നാണ് കേസിനാസ്‌പദമായ സംഭവം. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ സ്ത്രീയെ പ്രതി കുറച്ചുനാളുകളായി ശല്യപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ ഭർത്താവ് ഇയാളെ വിലക്കിയെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി ശല്യപ്പെടുത്തൽ തുടർന്നു. മദ്യലഹരിയിൽ 16ന് രാത്രി 7ഓടെ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. സംഭവശേഷം അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച വീട്ടമ്മ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് നൽകിയ പരാതിയിലാണ് ഒളിവിലായിരുന്ന പ്രതിയെ പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്‌തത്.
പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സാഹിൽ. എം, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, വിനീഷ്, സിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.