
കണ്ണൂർ: ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താൻ എല്ലാ ഇടതു, മതേതര ജനാധിപത്യ ശക്തികളും യോജിച്ചുനിൽക്കണമെന്നും ഇന്ത്യയുടെ മതേതര, ജനാധിപത്യ സ്വഭാവം സംരക്ഷിക്കാൻ നിലകൊള്ളണോയെന്ന് കോൺഗ്രസ് പാർട്ടി സ്വയം തീരുമാനിക്കട്ടെയെന്നും സി.പി.എമ്മിന്റെ 23ാം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മതേതര ശക്തികളുടെ വിശാലമുന്നണി കെട്ടിപ്പടുക്കുക വഴി ജനകീയബദലിനുള്ള പോരാട്ടം ശക്തമാക്കണം.വെല്ലുവിളികളെ നേരിടാൻ ഇടത് ഐക്യം ശക്തിപ്പെടണം.
കോൺഗ്രസും ചില പ്രാദേശിക പാർട്ടികളും അവരുടെ ആഭ്യന്തര തർക്കങ്ങൾ അവസാനിപ്പിച്ച് ബി.ജെ.പിക്കെതിരായ പോരാട്ടത്തിനായി സജ്ജമാവണം. ചാഞ്ചാട്ട മനോഭാവവും ഒത്തുതീർപ്പ് സമീപനവും ഇത്തരം പാർട്ടികളിൽ നിന്ന് വർഗീയശക്തികളിലേക്കുള്ള കൊഴിഞ്ഞുപോക്കിന് വഴിയൊരുക്കുന്നുവെന്നാണ് അനുഭവം.
മതേതരത്വം ഉദ്ഘോഷിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും അവസരത്തിനൊത്തുയരണം.നവ ലിബറൽ അജൻഡയ്ക്ക് ബദലായി ജനകീയ നയങ്ങൾ നടപ്പാക്കി മുന്നേറുന്ന കേരളത്തിലെ സി.പി.എമ്മും ഇടതു ജനാധിപത്യ മുന്നണിയും വിട്ടുവീഴ്ചയില്ലാതെ മതേതരത്വം ഉയർത്തിപ്പിടിച്ച് ജാതി, വർണ, ലിംഗ ഭേദമില്ലാതെ എല്ലാവരെയും തുല്യമായി കാണുന്നു. സാമൂഹ്യവികസന സൂചികയിൽ കേരളം ലോകത്തെ തന്നെ ഉയർന്ന റാങ്കിംഗിൽ തുടരുന്നത് ഇതിന്റെ ഫലമാണ്. ശക്തമായ കമ്യൂണിസ്റ്റ് പാർട്ടിയും ശക്തമായ ഇടത് ഐക്യവും അതിലൂടെ ഇടതു ജനാധിപത്യ മുന്നണിയും കെട്ടിപ്പടുക്കുന്നതിന് സി.പി.എം എല്ലാ പരിശ്രമവും നടത്തും.
ബി.ജെ.പി രണ്ടാമതും അധികാരത്തിൽ വന്നശേഷം ആർ.എസ്.എസിന്റെ വർഗീയ അജൻഡ അതിതീവ്രമായി നടപ്പാക്കുകയാണ്. വർഗീയ- കോർപ്പറേറ്റ് സഖ്യം വഴി നവലിബറൽ പരിഷ്കാരങ്ങൾ ശക്തമാക്കുന്നു. രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കുന്നു. ഏകാധിപത്യമാണ് അടിച്ചേല്പിക്കുന്നത്. ഫെഡറൽ ഘടന ഇല്ലാതാക്കി ഏകരാഷ്ട്രം സ്ഥാപിച്ചെടുക്കാനാണ് ആർ.എസ്.എസിന്റെ ശ്രമം. കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലും ബി.ജെ.പി സർക്കാരിന് വലിയ പാളിച്ച സംഭവിച്ചു. ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതിന് പകരം പെട്രോളിയം ഉത്പന്നങ്ങളുടെ വില അനുദിനം ഉയർത്തി പണപ്പെരുപ്പം സൃഷ്ടിക്കുകയും ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുകയുമാണ്. വിദ്വേഷപ്രചാരണങ്ങളിലൂടെയും അക്രമങ്ങളിലൂടെയും സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കുന്നു.
തിരഞ്ഞെടുപ്പിലൂടെ മാത്രം ഇവരെ ഒറ്റപ്പെടുത്താനാവില്ല. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാംസ്കാരികവും സാമൂഹ്യവുമായ തലങ്ങളിലൂടെയുള്ള തുടർച്ചയായ ശ്രമങ്ങൾ ഇതിനാവശ്യമാണ് . അതിലേറ്റവും പ്രധാനം സി.പി.എമ്മിന്റെ സ്വതന്ത്രശക്തിയും രാഷ്ട്രീയ ഇടപെടൽ ശേഷിയും വർദ്ധിപ്പിക്കലാണ്. വർഗ, ബഹുജന സമരങ്ങളിലൂടെ ഇടത് ഐക്യം ശക്തിപ്പെടുത്തണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.