
തിരുവനന്തപുരം: കടുത്ത വേനലിന് പിന്നാലെ റാംസാനും വിഷുവും അടുത്തതോടെ പഴവർഗങ്ങൾക്ക് തീവില. വിവിധയിനങ്ങൾക്ക് കഴിഞ്ഞ ആഴ്ചയിലെ വിലയെക്കാൾ 10-30രൂപ വരെ വർദ്ധിച്ചു. ആപ്പിൾ,മുന്തിരി,ഓറഞ്ച്,സപ്പോട്ട,പൈനാപ്പിൾ,ഏത്തൻ,രസകദളി തുടങ്ങിയ പഴവർഗങ്ങൾക്കാണ് വർദ്ധനയുണ്ടായത്. ഇന്ധനവില വർദ്ധനവും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.
80 രൂപ ഉണ്ടായിരുന്ന അനാറിനു 130 രൂപയും, 170 രൂപ ഉണ്ടായിരുന്ന ആപ്പിളിന് 200 മുതൽ 210 രൂപയുമായി ഉയർന്നു. ഇന്ധനവില വർദ്ധനയ്ക്ക് പിന്നാലെ സംസ്ഥാനത്തെത്തിക്കുന്ന ഓരോ ലോഡിനും ലോറിയൊന്നിന് വാടകയിനത്തിൽ 1000 രൂപവരെ ഉയർന്നതായും വ്യാപാരികൾ പറയുന്നു. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പഴവർഗങ്ങളിൽ അധികവുമെത്തുന്നത്. പഴവർഗങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റത്തിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു.
തണ്ണിമത്തനും വില വർദ്ധനയുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള സിന്ദൂരം, ആന്ധ്രയിൽ നിന്നുള്ള ബംഗനപ്പള്ളി മാങ്ങകൾക്ക് കിലോയ്‌ക്ക് 90 രൂപയും മൂവാണ്ടന് 80 രൂപയുമാണ് വില. അതേസമയം ഇന്ധനവില വർദ്ധനയുടെ മറവിൽ തോന്നിയപ്പടി വില ഉയർത്താൻ നീക്കമുണ്ടെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ചെറുകിട വ്യാപാരികൾ ആവശ്യപ്പെട്ടു.
ഇനങ്ങൾ (വില - കിലോയ്ക്ക് )
കഴിഞ്ഞ ആഴ്ച- ഇപ്പോൾ )
ചെറുനാരങ്ങ 150-170
ഏത്തൻ 45-55
രസകദളി 45-55
കുരുവില്ലാത്ത പച്ചമുന്തിരി 100-120
കറുത്ത മുന്തിരി 70-90
മുസാമ്പി 40-60
പൈനാപ്പിൾ 45-60
മോറിസ് 22-24
പേരയ്ക്ക 45-55
ഓറഞ്ച് 70-90
സപ്പോർട്ട 50-70