
ബി.ജെ.പിയെ തോല്പിക്കാനുള്ള വിശാല മതേതര കൂട്ടായ്മയ്ക്ക് കോപ്പുകൂട്ടി സി.പി.എമ്മിന്റെ 23- ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ മുന്നേറുമ്പോൾ കോൺഗ്രസ് വേദിക്കുമപ്പുറത്തേക്ക് മുഴങ്ങിക്കേൾക്കുന്നത് ഒരൊറ്റ ചോദ്യം. കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് സി.പി.എം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസ് എത്തുമോ?
ശനിയാഴ്ചയാണ് കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാർ സി.എച്ച്. കണാരൻ നഗറിൽ നിശ്ചയിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ സെമിനാർവേദിയിലെ ആകർഷണമാണ്. എന്നാൽ, സ്റ്റാലിനെയും കടത്തിവെട്ടുന്ന വിധത്തിൽ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പ്രൊഫ.കെ.വി. തോമസ്.
സിൽവർലൈൻ പദ്ധതിക്കെതിരെയും സി.പി.എമ്മിനെതിരെയും ശക്തമായി സമരമുഖത്തുള്ള സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് സി.പി.എം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് നേതാക്കളെ വിലക്കി എ.ഐ.സി.സി അദ്ധ്യക്ഷ സോണിയഗാന്ധിയുടെ നിർദ്ദേശമെത്തിയത്. ഇതേത്തുടർന്ന് നേരത്തേ നടന്ന മറ്രൊരു സെമിനാറിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് പങ്കെടുക്കാനായില്ല. കെ.വി. തോമസിനോടൊപ്പം ശനിയാഴ്ചത്തെ സെമിനാറിലേക്ക് ക്ഷണിച്ച മറ്രൊരു പ്രഗല്‌ഭൻ ശശി തരൂർ എം.പിയാണ്. അദ്ദേഹം നേതൃത്വത്തിന്റെ അഭ്യർത്ഥന മാനിച്ച് സെമിനാറിൽ നിന്ന് വിട്ടുനിൽക്കും.
ശശി തരൂരിന്റെ പേരില്ലാതെയാണ് പാർട്ടി കോൺഗ്രസ് സംഘാടകർ സെമിനാറിന്റെ പ്രോഗ്രാം നിശ്ചയിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിക്ക് പുറമേ പങ്കെടുക്കുന്ന സി.പി.എമ്മല്ലാത്ത നേതാവ് കെ.വി. തോമസാണ്. വരവ് ഇപ്പോഴും സസ്പെൻസിൽ നിറുത്തിയിരിക്കുകയാണ് കെ.വി. തോമസ്. ഇന്നലെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇന്ന് രാവിലെ എറണാകുളത്ത് വാർത്താസമ്മേളനം നടത്തി പറയാമെന്നാണ് അദ്ദേഹം അറിയിച്ചത്. ചില കാര്യങ്ങൾ കൂടി ആലോചിക്കേണ്ടതുണ്ടെന്നും പറഞ്ഞു.
കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള കഠിനശ്രമങ്ങൾ നടത്തുന്നതായാണ് സൂചന. അതിന്റെ സമ്മർദ്ദം അദ്ദേഹത്തിന്റെ വാക്കുകളിൽ വായിച്ചെടുക്കാം. കോൺഗ്രസുകാരനായ തോമസ് പങ്കെടുക്കില്ലെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ, പങ്കെടുത്താൽ അദ്ദേഹം പുറത്തായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും കേന്ദ്ര, സംസ്ഥാന ബന്ധങ്ങൾ സുപ്രധാന വിഷയമാണെന്നും ദേശീയതലത്തിൽ ഇടത് മതേതര കൂട്ടായ്മ ആവശ്യമാണെന്നുമൊക്കെ തോമസ് പറഞ്ഞത്, സെമിനാറിൽ പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ തയാറെടുപ്പിന്റെ ഭാഗമായി സി.പി.എം കാണുന്നു. കോൺഗ്രസിനകത്ത് സമീപകാലത്തായി തഴയപ്പെടുന്നുവെന്ന പരിഭവവും അദ്ദേഹത്തിനില്ലാതെയില്ല. ഇത് രാഷ്ട്രീയമായി മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.
ഇന്നലെ പാർട്ടി കോൺഗ്രസ് വേദിയിൽ കണ്ടുമുട്ടിയപ്പോൾ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനോട് ചോദിച്ചു: "കെ.വി. തോമസ് പങ്കെടുക്കും"- ജയരാജന്റെ ഉറച്ച മറുപടി.
പാർട്ടിവിലക്ക് ലംഘിച്ചാൽ തോമസിന്റെ വഴി കോൺഗ്രസിന് പുറത്തേക്കാണ്. കോൺഗ്രസിനെ അടിക്കാൻ സി.പി.എമ്മിന് അതൊരു വടിയുമാകും. സവിശേഷ സാഹചര്യത്തിൽ കെ.വി. തോമസ് ഇന്ന് രാവിലെ രണ്ടിലൊരു വെടി പൊട്ടിക്കും. അതുവരെ ആകാംക്ഷ.