
പാലോട്: വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ 300ഓളം വാഴകൾ ഒടിഞ്ഞു വീണു. ഇളവട്ടം ആലുംകുഴി സിജുഭവനിൽ മണികണ്ഠൻ നായരുടെ ആനാട് പഞ്ചായത്തിലെ നടൂർ ഏലായിലെ കൃഷിയിടത്തിലെ വാഴകളാണ് ഒടിഞ്ഞുവീണത്. കഴിഞ്ഞ ദിവസമാണ് സംഭവം. പാട്ടത്തിനെടുത്ത 75 സെന്റിലാണ് വാഴ കൃഷി ചെയ്തിരുന്നത്. 500 നേത്രവാഴകൾ ഉണ്ടായിരുന്നതിൽ 300 എണ്ണമാണ് ഒടിഞ്ഞു വീണത്. പരമ്പരാഗത കർഷകനായ ഇയാൾ പത്ത് വർഷമായി ഇവിടെ വാഴക്കൃഷി ചെയ്യുകയാണ്. ഒരു ലക്ഷം രൂപ വായ്പ എടുത്താണ് മണികണ്ഠൻ വാഴക്കൃഷി ചെയ്തത്. ആനാട് കൃഷിഭവനിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശികുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്തു. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.