
സംസ്ഥാനങ്ങളിൽ ഇടതു, ജനാധിപത്യ വേദികൾ കെട്ടിപ്പടുക്കുന്നത് എങ്ങനെയാവണമെന്നത് സംബന്ധിച്ച് സി.പി.ഐയുമായി ആലോചിച്ച് ധാരണയിലെത്താൻ നിർദ്ദേശവുമായി സി.പി.എമ്മിന്റെ രാഷ്ട്രീയസംഘടനാ റിപ്പോർട്ട്. സി.പി.എം- സി.പി.ഐ ഐക്യമാണ് ഇടത് ഐക്യത്തിന്റെ ആണിക്കല്ലെന്ന സൂചനയായാണ് ഈ നിർദ്ദേശം വിലയിരുത്തപ്പെടുന്നത്. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും മുന്നണി എങ്ങനെ ശക്തിപ്പെടുത്താമെന്ന് ഇരുപാർട്ടികൾക്കും ആലോചിക്കാനാകുമെന്ന് റിപ്പോർട്ട് പറയുന്നു.
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2015ലെ കൊൽക്കത്ത പ്ലീനം മുന്നോട്ടുവച്ച പത്ത് ദൗത്യങ്ങൾ നടപ്പാക്കാനായി പുതിയ സമയക്രമീകരണം വേണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കൊവിഡ് കാരണം ദൗത്യങ്ങൾക്കായി നിശ്ചയിച്ച സമയക്രമീകരണം പാലിക്കാനായിട്ടില്ല. അത് പുന:ക്രമീകരിക്കാനാണ് നിർദ്ദേശം.
എല്ലാ സംസ്ഥാന കമ്മിറ്റികളും അണിനിരത്താനാവുന്ന ഇടതു ജനാധിപത്യ ശക്തികളെയും പരിപാടികളെയും ആറുമാസത്തിനകം കണ്ടെത്തി നടപ്പാക്കണം. ഇതിനാണ് സി.പി.ഐയുമായി കൂടിയാലോചന നിർദ്ദേശിക്കുന്നത്.
സാമൂഹ്യവിഷയങ്ങളെ മുൻനിറുത്തി പാർട്ടി സ്ഥിരമായി വർഗ, ബഹുജന, പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കണം. ബഹുജനലൈനിൽ നീങ്ങണം. പാർട്ടി അംഗത്വ ഗുണനിലവാരം മെച്ചപ്പെടുത്തണം. അടുത്ത വർഷത്തെ അംഗത്വം പുതുക്കൽ വേളയിൽ ഇതിനായുള്ള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണം.
പാർട്ടി ബ്രാഞ്ചുകളെ സജീവമാക്കുക. ആറ് മാസത്തിനകം നിശ്ചിത എണ്ണം ബ്രാഞ്ചുകളെ സജീവമാക്കാൻ സംസ്ഥാനകമ്മിറ്റികൾ കർമപരിപാടി നിശ്ചയിക്കണം. അതോടൊപ്പം ബ്രാഞ്ച് സെക്രട്ടറിമാർക്ക് പരിശീലനപരിപാടിയും വേണം. 2023 ലും 2024ലും അംഗത്വം പുതുക്കൽ വേളകളിൽ തുടർച്ചയായി പാർട്ടിയിൽ യുവജന, വനിതാ പ്രാതിനിദ്ധ്യം ഉയർത്താനുള്ള പരിപാടിയുണ്ടാവണം.
പുതിയ ചെറുപ്പക്കാരായ മുഴുവൻസമയ പ്രവർത്തകരെ മതിയായ പ്രത്യയശാസ്ത്ര, രാഷ്ട്രീയ വിദ്യാഭ്യാസം നൽകി റിക്രൂട്ട് ചെയ്യണം. നിലവിലെ മുഴുവൻസമയ പ്രവർത്തകർക്ക് പുനർ രാഷ്ട്രീയവിദ്യാഭ്യാസം നൽകണം.
പാർട്ടി വിദ്യാഭ്യാസത്തിനായി സെൻട്രൽ പാർട്ടി സ്കൂളുകൾ ക്രമീകരിക്കണം. സുർജിത് ഭവനിലെ സ്ഥിരം പാർട്ടിസ്കൂളിൽ ക്രമീകരണം മെച്ചപ്പെടുത്തണം. പാർട്ടി വിദ്യാഭ്യാസ സിലബസിൽ ആർ.എസ്.എസ്, ഹിന്ദുത്വ പ്രത്യയശാസ്ത്രവും പ്രയോഗവും എന്നിവ പാഠ്യവിഷയങ്ങളാക്കണം.
ഗ്രാമീണമേഖലയിലെ തൊഴിലാളികളുടെ മുഴുവൻ പ്രാതിനിദ്ധ്യമുറപ്പാക്കും വിധത്തിൽ ഗ്രാമീണ തൊഴിലാളി യൂണിയനുകൾ സംഘടിപ്പിക്കണം.
അടുത്ത ആറുമാസത്തിനകം പാർട്ടി സംഘടനയുമായി സോഷ്യൽ മീഡിയയെ സജീവമായി ബന്ധിപ്പിക്കാനാവശ്യമായ പരിപാടി സംസ്ഥാനകമ്മിറ്റികൾ തയാറാക്കണം. പരിശീലനപരിപാടികളും ശില്പശാലയും സംഘടിപ്പിച്ച് നിർവഹണം ശക്തമാക്കണം. വർഗ ബഹുജന സംഘടനകളുടെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പാക്കണം. പാർട്ടിയുടെയും പാർട്ടി ഫ്രാക്‌ഷനുകളുടെയും നിരീക്ഷണം കൃത്യമായി നടത്തണം.
1964 ലെ പാർട്ടി രൂപീകരണകാലത്തിന് ശേഷം സി.പി.എം ഏറ്റവും വെല്ലുവിളി നേരിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ മൂന്ന് ശക്തികേന്ദ്രങ്ങളിൽ പശ്ചിമബംഗാളിലും ത്രിപുരയിലും പാർട്ടി അടിത്തറ ശക്തമായ ഭീഷണി നേരിടുന്നു. രണ്ടിടത്തും ബഹുജനാടിത്തറയിലും സ്വാധീനത്തിലും വൻ ചോർച്ചയാണ്. കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിയുടെ ശക്തിയിൽ വൻ ഇടർച്ചയുണ്ടായെന്നും റിപ്പോർട്ട് പറയുന്നു.