
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന് 2022-23 സാമ്പത്തിക വർഷം 128കോടി 23ലക്ഷം രൂപ വരവും 127കോടി 92 ലക്ഷം രൂപ ചെലവും 31ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ട്രസ്റ്റിന്റെ പൊതുയോഗം ഐകകണ്ഠ്യേന പാസാക്കി. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയാണ് ബഡ്ജറ്ര് അവതരിപ്പിച്ചത്. 43അംഗങ്ങൾ പങ്കെടുത്തു.
ട്രസ്റ്റിന്റെ വിശേഷാൽ ബോർഡ് തീരുമാനപ്രകാരം സ്വാമി ദേവാത്മാനന്ദ സരസ്വതി, സ്വാമി ഗുരുകൃപാനന്ദ, സ്വാമി ഗുരുപ്രഭാനന്ദ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി ഗുരുപ്രകാശം, സ്വാമി ശങ്കരാനന്ദ എന്നിവർക്ക് നൽകിയ പുതിയ അംഗത്വം സംബന്ധിച്ച വിവരങ്ങളും ജനറൽ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ബ്രഹ്മവിദ്യാലയ കനകജൂബിലിയും ശിവഗിരി തീർത്ഥാടന നവതിയും ഒരു വർഷക്കാലം രാജ്യത്തിനകത്തും പുറത്തും വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാനും, ബ്രഹ്മവിദ്യാലയ വികസനത്തിനായി അഞ്ച് കോടി രൂപ വിനിയോഗിക്കാനും നിലവിലുളള 7വർഷ കോഴ്സിനൊപ്പം ഗുരുധർമ്മ പ്രചരണാർത്ഥം ഹ്രസ്വകാല കോഴ്സുൾ നടത്താനും നിർദ്ദേശമുണ്ട്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ബിരുദധാരികൾ ഉൾപ്പെയുളളവർക്കായി പ്രത്യേക വേദാന്ത ഗുരുദർശന പഠനശിബിരവും നടത്തും.
ധർമ്മസംഘം ട്രസ്റ്റിന് ശാഖാസ്ഥാപനങ്ങളില്ലാത്ത സംസ്ഥാനങ്ങളിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ ശാഖകൾ സ്ഥാപിക്കും. ഭക്തർക്ക് ഭൂമിയോ ക്ഷേത്രങ്ങളോ മറ്റ് സ്ഥാപനങ്ങളോ ശിവഗിരി മഠത്തിന് സമർപ്പിക്കാം. ശിവഗിരിയുടെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ യൂണിറ്റുകളും മണ്ഡലം കമ്മിറ്റികളും പുനസംഘടിപ്പിച്ച് പ്രവർത്തനം സജീവവും വ്യാപകവുമാക്കും. ശിവഗിരി മാസികയുടെ ഇംഗ്ലീഷ് മലയാളം പതിപ്പുകൾ നവീകരിച്ച് കൂടുതൽ ആളുകളിൽ എത്തിക്കും. മഠം പ്രസിദ്ധീകരണവിഭാഗം വിപുലപ്പെടുത്തും.
ശാഖാസ്ഥാപനങ്ങളായ ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം, ആലുവ അദ്വൈതാശ്രമം, ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി, കാഞ്ചീപുരത്തെ സൗജന്യ ആയുർവ്വേദ ആശുപത്രി, വിവിധ സ്ഥലങ്ങളിലുളള സീനിയർ സെക്കൻഡറി സ്കൂളുകൾ, ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയവയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കി ഗുരുധർമ്മ പ്രചരണാർത്ഥം വികസിപ്പിക്കും. ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പദ്ധതിക്കും ബഡ്ജറ്റിൽ തുക വക കൊളളിച്ചിട്ടുണ്ട്. ധർമ്മസംഘത്തിന്റെ വക നിലവിലുളള ഗോശാല വിപുലീകരിക്കുന്നതോടൊപ്പം കൂടുതൽ പശുക്കളെ സംരക്ഷിച്ച് പരിപോഷിപ്പിക്കും.ശിവഗിരിയിലേതു പോലെ മറ്റു ആശ്രമശാഖകളിലും ജൈവകൃഷി വ്യാപിപ്പിക്കും. ബ്രഹ്മവിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്കും ത്യാഗപൂർവ്വം ദീർഘകാലമായി സേവനം ചെയ്തു വരുന്നവർക്കും ചിത്രാപൗർണ്ണമി ദിനത്തിൽ സന്യാസം നൽകാനും തീരുമാനിച്ചു.
ഫോട്ടോ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സംസാരിക്കുന്നു. പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ സമീപം.