
₹സി.പി.എം അനുകൂല സംഘടനാ നേതാവിന് സസ്പെൻഷൻ
₹നടപടി ശരിവച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി
തിരുവനന്തപുരം: വിലക്കും ഡയസ്നോണും അവഗണിച്ച് കെ.എസ്.ഇ.ബി ചെയർമാനെതിരെ സി.പി.എം അനുകൂല ഓഫീസേഴ്സ് അസോസിയേഷൻ സമരം തുടരുന്നതിനിടെ, അനാവശ്യ സമരക്കാർക്കുള്ള ഷോക്ക് ചികിത്സയെന്നോണം സംഘടനാ പ്രസിഡന്റ് എം.ജി.സുരേഷ്കുമാറിനെ ചെയർമാൻ ഡോ.ബി.അശോക് സസ്പെൻഡ് ചെയ്തു. ഇതോടെ ബോർഡിൽ രണ്ടു മാസം മുമ്പ് ഇടതുമുന്നണിയും മന്ത്രിയും ഇടപെട്ടുണ്ടാക്കിയ സമാധാനാന്തരീക്ഷം വീണ്ടും തകർന്നു.
പവർസിസ്റ്റം വിഭാഗത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറാണ് സസ്പെൻഷനിലായ എം.ജി.സുരേഷ് കുമാർ.
സസ്പെൻഷൻ നടപടി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ശരി വച്ചു. നടപടിയിൽ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ വൈദ്യുതി ഭവന് മുന്നിലും, മുഴുവൻ സർക്കിളുകളിലും പ്രകടനം നടത്തി.ചെയർമാനെതിരെ ശക്തമായ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് സി.പി.എം.അനുകൂല സംഘടനകൾ.
ലീവും ഡ്യൂട്ടി കൈമാറിയതും അറിയിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ പേരിൽ ഓഫീസേഴ്സ് അസോസിയേഷൻ നേതാവായ വനിതാ എക്സിക്യൂട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ ചെയർമാൻ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജോലി ബഹിഷ്ക്കരിച്ച് അർദ്ധദിന സത്യഗ്രഹസമരം നടത്തുന്നതിനിടെ, ഡയറക്ടർ ബോർഡ് യോഗവേദിയിലേക്ക് അനുയായികളേയും കൂട്ടി തള്ളിക്കറിയതിനാണ് എം.ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്.ജീവനക്കാരിൽ പകുതിയോളം പേരും അംഗങ്ങളായ വർക്കേഴ്സ് അസോസിയേഷന്റെ നേതാവ് കൂടിയായ സുരേഷ് കുമാർ,സി.പി.എം നേതാക്കളായ എ.കെ.ബാലൻ, കടകംപള്ളി സുരേന്ദ്രൻ,എം.എം.മണി എന്നിവർ വൈദ്യുതി മന്ത്രിമാരായിരുന്നപ്പോൾ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
മാനേജ്മെന്റിനെയും
മന്ത്രിയെയും അവഹേളിച്ചു
പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറും ചുമതലയേറ്റതു മുതൽ സുരേഷ് കുമാർ മാനേജ്മെന്റിനെയും മന്ത്രിയെയും അവഹേളിക്കുകയും ഭരണപരമായ നടപടികൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നതായി ഡയറക്ടർ ബോർഡിന്റെ കുറിപ്പിൽ പറയുന്നു. ദേശീയ പണിമുടക്കിന് ഡയസ്നോൺ ഉത്തരവിറക്കിയ ചീഫ് സെക്രട്ടറിയെയും ഉത്തരവിറക്കാൻ നിർദ്ദേശിച്ച ഹൈക്കോടതിയെയും പരസ്യമായി ടി.വി.ചാനലുകളിൽ അധിക്ഷേപിച്ച് സർവ്വീസ് ചട്ടം ലംഘിച്ചതും സസ്പെൻഷന് കാരണമായി. ബോർഡിന്റെ വാഹനം ദുരുപയോഗം ചെയ്തതിന് ചാർജ്ജ് മെമ്മോ നൽകും.
ചെയർമാന്റെ
പ്രതികാരമെന്ന്
കെ.എസ്.ഇ.ബി.ചെയർമാന്റെ പ്രതികാരനടപടിയുടെ തുടർച്ചയാണ് സുരേഷ് കുമാറിന്റെ സസ്പെൻഷനെന്ന് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു. ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഘടന പ്രസിഡന്റിനെതിരെ നീതീകരണമില്ലാത്ത നടപടി. നേതാക്കളുമായി ആലോചിച്ച് തുടർ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് അസോ.ജനറൽ സെക്രട്ടറി ബി.ഹരികുമാർ പറഞ്ഞു.ജാസ്മിൻ ബാനുവിന്റെ സസ്പെൻഷൻ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
`സർക്കാരിന്റെ ചട്ടങ്ങൾ എല്ലാവരും പാലിക്കണം. വിഷയം പഠിച്ച ശേഷം യുക്തമായ നടപടി ഉണ്ടാകും. ഈ മാസം 12 ന് തിരുവനന്തപുരത്ത് എത്തിയശേഷം ചർച്ച നടത്തും.
ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിൽ ബോർഡ് അംഗങ്ങൾക്കും പരാതിയുണ്ട്. ആരായാലും നിയമം പാലിച്ചേ പോകാൻ കഴിയൂ. പ്രതിഷേധ സമരത്തിന് കെ.എസ്.ഇ.ബിയിലെ ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കിയത് പുനഃപരിശോധിക്കാൻ ചെയർമാന് നിർദേശം നൽകി.'
-കെ.കൃഷ്ണൻകുട്ടി,
വൈദ്യുതി മന്ത്രി