ss

തിരുവനന്തപുരം: കൊവിഡ് കാലത്ത് താത്കാലികമായി ടിക്കറ്റ് നിരക്ക് 25 ശതമാനം വർദ്ധിപ്പിച്ചത് കുറയ്ക്കാതെ കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് സർവീസിൽ 10 ശതമാനം നിരക്ക് കൂടി ഉയർത്താനുള്ള നീക്കം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തടഞ്ഞു.

ഓർഡിനറി ബസുകളുടെ നിരക്കിനൊപ്പം സൂപ്പർക്ലാസിൽ 10 ശതമാനം വർദ്ധനയ്ക്കുള്ള ശുപാർശയാണ് കെ.എസ്.ആർ.ടി.സി സമർപ്പിച്ചത്. എന്നാലിത് സൂപ്പർ ക്ലാസുകളിൽ ഭീമമായ ചാർജ് വർദ്ധനക്കിടയാക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പുതിയ ഫെയർചാർട്ട് തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ബസ് ചാർജ് വ‌ർദ്ധനയ്ക്ക് സർക്കാ‌ർ തീരുമാനിച്ചപ്പോൾ തന്നെ സൂപ്പർ ക്ലാസുകളിലും വർദ്ധിപ്പിച്ചേക്കുമെന്ന് നവംബർ 15ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

2020 ജൂലായ് മൂന്നു മുതലാണ് 25 ശതമാനം വർദ്ധന ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവീസിന് വരുത്തിയത്. അകലം പാലിച്ച് ഇരിക്കാൻ മാത്രം അനുമതി കൊടുത്തപ്പോഴുണ്ടാകുന്ന നഷ്ടം നികത്താനായിരുന്നു ഇത്. മിനിമം ചാർജിലും കിലോമീറ്റർ നിരക്കിലും മാറ്റം വരുത്തി. കൊവിഡ് വ്യാപനം മാറിയപ്പോൾ പഴയ നിരക്കിലേക്ക് മാറാൻ ഗതാഗതവകുപ്പ് തീരുമാനിച്ചുവെങ്കിലും നടപ്പിലായില്ല. പകരം ഒരു ഓഫർ എന്ന നിലയ്ക്ക് ആഴ്ചയിൽ മൂന്നു ദിവസം സൂപ്പർക്ലാസ് നിരക്കിൽ 25 ശതമാനം കുറവ് വരുത്തിയെന്നു മാത്രം.

മറച്ചു വച്ച സൂപ്പർ ക്ലാസിലെ

വർദ്ധന

ബസ്, കൊവിഡിന് മുമ്പുള്ള മിനിമം നിരക്ക് രൂപയിൽ, കൊവിഡിന് ശേഷം (കിലോമീറ്റർ നിരക്ക് ബ്രായ്ക്കറ്റിൽ- പൈസയിൽ)​

ഫാസ്റ്റ് പാസഞ്ചർ----------- 11 (75)-----14 (95)

സൂപ്പർ ഫാസ്റ്റ് -----------------15 (78)--------20 (98)

എക്സ്‌പ്രസ്-------------------- 22 (85)--------28 (107)

ഡീലക്സ് -------------------------30 (100)-------40 (117)

വോൾവോ----------------------- 45 (120)------60 (150)

മൾട്ടിആക്സിൽ----------------- 80 (145)--------100 (250)