
തിരുവനന്തപുരം: ഹൃദ്രോഗിയായ ഗൃഹനാഥൻ അജേഷ് ആശുപത്രിയിലായ സമയത്ത് വിദ്യാർത്ഥികളായ മൂന്ന് പെൺമക്കളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സഹകരണമന്ത്രി വി.എൻ. വാസവൻ നിർദ്ദേശിച്ചു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് മൂവാറ്റുപുഴ ജോയിന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിന്നാലെ മൂവാറ്റുപുഴ അർബൻ കോ-ഒാപ്പറേറ്റീവ് ബാങ്ക് സി.ഇ.ഒ ജോസ് കെ. പീറ്റർ രാജിവച്ചു. രാജി അംഗീകരിച്ചതായി കേരളബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അറിയിച്ചു.
കിടപ്പാടം ജപ്തി ചെയ്യുമ്പോൾ തെരുവിലിറക്കാതെ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന സർക്കാരിന്റെ നയം നടപ്പാക്കിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ജപ്തിയെന്ന ബാങ്ക് അധികൃതരുടെയും ജീവനക്കാരുടെ സംഘടനയുടെയും വാദം മന്ത്രി തള്ളി.
വിവാദത്തിൽ നിന്ന് തലയൂരാൻ കുടിശ്ശിക അർബൻ ബാങ്കിലെ സി.ഐ.ടി.യു അംഗങ്ങളായ ജീവനക്കാർ ഇടപെട്ട് തിരിച്ചടച്ചിരുന്നു. അജേഷിന്റെ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ബാങ്കിന് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു ഇൗ നടപടി. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ച ബാങ്ക് ജീവനക്കാരുടെ പണം തനിക്ക് വേണ്ടെന്ന് അജേഷ് പ്രതികരിച്ചിരുന്നു.
പട്ടികജാതിക്കാരനായ അജേഷ് അഞ്ച് വർഷം മുമ്പ് തൊഴിലാവശ്യത്തിനായി എടുത്ത ഒരുലക്ഷംരൂപയുടെ വായ്പയാണ് കുടിശ്ശികയായത്. അജേഷ് ആശുപത്രിയിൽ നിന്ന് എത്തുന്നതുവരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ട് വീട് പൂട്ടി ജപ്തി നടപ്പാക്കി. ഇതാണ് വൻവിവാദത്തിനും വിമർശനത്തിനും വഴിവച്ചത്.
 ജപ്തി സർക്കാർ നയമല്ല: മന്ത്രി വാസവൻ
മൂവാറ്റുപുഴയിൽ സാധാരണക്കാരന്റെ വീട് ജപ്തി ചെയ്തത് സർക്കാർ നയമല്ലെന്ന് സഹകരണമന്ത്രി വി. എൻ. വാസവൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോൺ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാർ വീട് ജപ്തി ചെയ്ത് താഴിട്ട നടപടിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. മൂന്നും നാലും സെന്റുള്ളവർക്കെതിരെ പാർപ്പിട സൗകര്യം ഒരുക്കി മാത്രമേ നടപടി പാടുള്ളൂ എന്നതാണ് സർക്കാർ നയം.
 കേരള ബാങ്കിന് ബന്ധമില്ല
മൂവാറ്റുപുഴ ജപ്തി നടപടിയിൽ കേരള ബാങ്കിന് ബന്ധമില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ പി.എസ്.രാജൻ അറിയിച്ചു. റിസർവ് ബാങ്ക് നിഷ്ക്കർഷിച്ചിട്ടുള്ള വായ്പാ തിരിച്ചടവ് നടപടികൾ സ്വീകരിക്കുന്നതിനൊപ്പം കുടിശികക്കാരുടെ ധനസ്ഥിതിയും,വരുമാനവും പരിശോധിച്ച് അർഹരായവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്ന രീതിയാണ് കേരള ബാങ്കിനുള്ളത്. മൂവാറ്റുപുഴയിലെ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കാണ് ജപ്തി നടപടിയെടുത്തതെന്നും അവർക്ക് കേരളബാങ്കുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.