
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ശക്തമായ മഴയായിരിക്കും ലഭിക്കുക. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ-വടക്കൻ ജില്ലകളിൽ സാധാരണ തോതിലായിരിക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാദ്ധ്യതയുണ്ട്.
ഈ മാസം അവസാനത്തോടെ വടക്കൻ ജില്ലകളിലും വേനൽ മഴ സജീവമാകും. ഇന്നലെ വരെ ശരാശരിയെക്കൾ 32 ശതമാനം അധികമഴയായ 64.9 മില്ലി മീറ്റർ ആണ് ലഭിച്ചത്. കിഴക്കൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതും ഈർപ്പമുള്ള വായു പ്രവാഹം കൂടിയതുമാണ് വേനൽ മഴ സജീവമാകാൻ കാരണം. ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം മൂലം വേനൽ മഴയുടെ തോത് ഇനിയും കൂടിയേക്കാം.
കാലവർഷം ജൂൺ ആദ്യവാരം
തെക്കു പടിഞ്ഞാറൻ കാലവർഷം ജൂൺ ആദ്യവാരം തന്നെ ആരംഭിക്കും. സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന ലാ നിന പ്രതിഭാസം ഗുണകരമാകുമെന്നും വിലയിരുത്തുന്നുണ്ട്.