
തിരുവനന്തപുരം: ഒരു നേരം മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം 13ൽ നിന്നും 17 ആയി വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴസ് അസോസിയേഷൻ ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെ മൂല്യനിർണയത്തിൽ മാറ്റമുണ്ടാകുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനാണ് അദ്ധ്യാപകരുടെ തീരുമാനം. 12ന് എറണാകുളത്ത് സമര പ്രഖ്യാപന കൺവെൻഷൻ നടക്കും. 20ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണയും പ്രതിഷേധ സദസ്സുകളും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന ചെയർമാൻ ആർ.അരുൺകുമാർ, വൈസ് ചെയർമാൻ ഡോ.ജോഷി ആന്റണി, കൺവീനർ അനിൽ.എം.ജോർജ്ജ്, കോർഡിനേറ്റർ കെ.ടി.അബ്ദുൾ ലത്തീഫ്, എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്.മനോജ്, എച്ച്.എസ്.എസ്.ടി.എ പ്രസിഡന്റ് എം.സന്തോഷ് കുമാർ, കെ.എച്ച്.എസ്.ടി.യു ജനറൽ സെക്രട്ടറി പി.അബ്ദുൾ ജലീൽ എന്നിവർ പങ്കെടുത്തു.