തിരുവനന്തപുരം:ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്നലെ രാവിലെ കൊടിയേറി.ശ്രീലകത്ത് നിന്ന് പൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പി മാക്കരംകോട് വിഷ്ണു വിഷ്ണു പ്രകാശ്,പഞ്ചഗവ്യത്തുനമ്പി അരുമണിതായ നാരായണ രാജേന്ദ്രനും ചേർന്ന് കിഴക്കേനട സ്വർണക്കൊടി മരത്തിന് സമീപം കൊണ്ടുവന്നു.തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി.പൂജകൾക്ക് ശേഷം വാദ്യഘോഷങ്ങളോടെയായിരുന്നു കൊടിയേറ്റ്. യോഗത്തിന് പോറ്റിമാരായ നെയ്തശേരി മനോജ്,കൊല്ലൂർ അത്തിയറ മഠം രാമരു,വഞ്ചിയൂർ അത്തിയറ മഠം കൃഷ്ണരൂ,കൂപക്കരമഠം സഞ്ജയ് കുമാർ എന്നിവരും സന്നിഹിതരായി.
ഇതിനൊപ്പം തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും കൊടിയേറ്റുന്നതിനുള്ള പൂജിച്ച കൊടിക്കൂറയും കൊടികയറും തിരുവമ്പാടി നമ്പി മാക്കരംകോട് നാരായണൻ വാസുദേവൻ വെള്ളിക്കൊടിമര ചുവട്ടിൽ കൊണ്ടുവന്നു തന്ത്രി നെടുമ്പള്ളി തരണനല്ലൂർ സജി നമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു.തുടർന്ന് തന്ത്രി കൊടിയേറ്റ് പൂജകൾ നടത്തി കൊടിയേറ്റി.കൊടിയേറ്റ് ചടങ്ങുകൾക്ക് ക്ഷേത്രം ഭരണസമിതി അംഗം ആദിത്യവർമ്മ,കുമ്മനം രാജശേഖരൻ,പ്രാെഫ.മാധവൻ നായർ,ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ് കുമാർ,മാനേജർ ബി. ശ്രീകുമാർ,ശ്രീകാര്യം നാരായണയ്യർ,അസിസ്റ്റന്റ് ഇൻചാർജ് സുനിൽ കുമാർ,ട്രസ്റ്റ് അഡ്മിസ്‌ട്രേറ്റർ രാജരാജവർമ്മ,സെക്രട്ടറി വെങ്കിടേശ്വര അയ്യർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മുളപൂജയ്ക്കായുള്ള മണ്ണുനീർ കോരൽ ചടങ്ങ് നടന്നു.
14ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിൽ പള്ളിവേട്ട നടക്കും.വിഷുദിനമായ 15ന് വൈകിട്ട് ശംഖുംമുഖത്തേക്കുള്ള ആറാട്ട് എഴുന്നള്ളത്തിനും ആറാട്ടിനും ശേഷം ഉത്സവത്തിന് കൊടിയിറങ്ങും. 13ന് രാത്രി 8.30ന് ഉത്സവശീവേലിയിൽ വലിയകാണിക്ക നടക്കും.കൊവിഡിന് ശേഷം ആചാരപ്രകാരം പൂർണതോതിലുള്ള ഉത്സവമാണ് ഇക്കുറി നടത്തുന്നത്. ദിവസവും രാത്രി 10.30ന് നാടകശാല മുഖപ്പിൽ കഥകളിയും സന്ധ്യയ്ക്ക് മണ്ഡപങ്ങളിൽ ക്ഷേത്രകലകളും അരങ്ങേറും.ആറാട്ടിന് ഇരവിപേരൂർ ശ്രീകൃഷ്ണക്ഷേത്രം, ത്രിവിക്രമംഗലം മഹാവിഷ്ണുക്ഷേത്രം,തൃപ്പാദപുരം മഹാദേവക്ഷേത്രം,ശ്രീവരാഹം വരാഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ വിഗ്രഹങ്ങളെ കൂടിയാറാട്ടിന് എഴുന്നള്ളിക്കും. ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെ ദർശനസമയം പുലർച്ചെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ 7 വരെയും 8.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 വരെയുമാണ്. ആറാട്ട് ദിവസമായ 15ന് രാവിലെ 8.30 മുതൽ 10 മണിവരെ മാത്രമാണ് വിഷുക്കണി ദർശനം.