
തിരുവനന്തപുരം: ഉന്നത കോൺഗ്രസ് നേതാക്കൾ പ്രതികളായ സോളാർ പീഡനക്കേസിൽ
ശക്തമായ സാഹചര്യ-ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി മുന്നോട്ടുപോവാനാണ് സി.ബി.ഐയുടെ തീരുമാനം. പത്തുവർഷം മുൻപുള്ള സംഭവത്തിൽ തെളിവുകൾ കണ്ടെടുക്കുക ശ്രമകരമാണ്. പരാതിക്കാരി ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ നിർണായകമാവും. മജിസ്ട്രേറ്റിനു മുന്നിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ സി.ബി.ഐയ്ക്ക് പരാതിക്കാരി കൈമാറിയിട്ടുണ്ട്.
2012 മേയിൽ അന്ന് മന്ത്റിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനിൽകുമാറിനെ കാണാനെത്തിയപ്പോൾ ദുരനുഭവമുണ്ടായെന്നും മന്ത്റി മന്ദിരത്തിൽനിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്പോൾ ഡ്രൈവർ മൊബൈലിൽ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങൾ പരാതിക്കാരി സി.ബി.ഐയ്ക്ക് കൈമാറിയത്. പിന്നീട് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധനയും നിർണായകമാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, മുൻമന്ത്രിയും എം.എൽ.എയുമായ എ.പി.അനിൽകുമാർ, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കി സി.ബി.ഐ ആറ് എഫ്.ഐ.ആറുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.