
മലയിൻകീഴ്: പേയാട് ഉജ്ജയിനി മഹാകാളി അമ്മൻകോവിൽ മഹോത്സത്തിന്റെ ഭാഗമായി കെട്ടിയിരുന്ന പന്തൽ ബസിന് മുകളിലേക്ക് തകർന്നുവീണു. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. റോഡിന് കുറുകെ കെട്ടിയിരുന്ന പന്തലിലെ ടാർപ്പോളിൻ മഴവെള്ളം കെട്ടിനിന്ന് താഴ്ന്ന് കിടക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്ന ബസിന്റെ മുകൾഭാഗം ഉടക്കിയതിന് പിന്നാലെയാണ് പന്തൽ ബസിന് മുകളിലേക്ക് തകർന്ന് വീണത്.
നാട്ടുകാരും ക്ഷേത്രഭാരവാഹികളും ചേർന്ന് ബസിന് മുകളിൽ വീണ പന്തൽ നീക്കംചെയ്‌തു. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ പൊങ്കാല നടക്കുന്നതിനിടെയാണ് സംഭവം. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊങ്കാലയും മഞ്ഞൾനീരാട്ടും ഉൾപ്പെടെയുള്ള ക്ഷേത്ര പരിപടികൾ മുൻ നിശ്ചയപ്രകാരം നടന്നു.