tripti-desai-will-be-stop

തിരുവനന്തപുരം: കോൺഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സർക്കാരിനെ തകർക്കണമെന്ന സി.പി.എമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ ശത്രു ബി.ജെ.പിയാണെന്നാണ് സി.പി.എമ്മും കോൺഗ്രസും പറയുന്നത്. ബംഗാളിൽ മമത ബാനർജിയുടെ ഗുണ്ടകളിൽ നിന്നും രക്ഷപ്പെടാൻ സി.പി.എംകാർ എത്തുന്നത് ബി.ജെ.പി ഓഫീസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബി.ജെ.പി മാറി . 18 സംസ്ഥാനങ്ങളിൽ ബി.ജെ.പി സഖ്യമാണ് ഭരിക്കുന്നത്. നരേന്ദ്രമോദി ഓരോ ദിവസവും തന്റെ ജനപ്രീതി ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനദിനത്തോട് അനുബന്ധിച്ച് വഴുതക്കാട് നിന്നും ആരംഭിച്ച പ്രകടനത്തിന് അദ്ദേഹം നേതൃത്വം നൽകി. പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാവ് ഒ.രാജഗോപാൽ പതാക ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത ചടങ്ങ് വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. ചടങ്ങിൽ കെ-റെയിലിനെക്കുറിച്ചുള്ള മെട്രോമാൻ ഇ.ശ്രീധരൻ, കെ.പി.ശ്രീശൻ എന്നിവരുടെ പുസ്തകങ്ങൾ കെ.സുരേന്ദ്രൻ മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻ പിള്ള എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. കുമ്മനം രാജശേഖരൻ, കെ.രാമൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ എന്നിവർ പങ്കെടുത്തു.