psc

തിരുവനന്തപുരം: ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കുമായി വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അഞ്ഞൂറോളം ഒഴിവുകളിൽ 16 ന് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും പി.എസ്.സി.യുടെ പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. പൊതുവിഭാഗത്തിൽ നിന്നുള്ള പ്രത്യേക നിയമനവും വനം വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേക്കുള്ള നിയമനവുമാണ് നടത്തുന്നത്. എസ്.എസ്.എൽ.സി.യാണ് യോഗ്യതയെങ്കിലും അവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയതോ തത്തുല്യയോഗ്യതയോ ഉള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവർക്ക് രണ്ട് വിഭാഗത്തിലും അപേക്ഷിക്കാം. അവിവാഹിതയായ അമ്മമാർക്കും, അവരുടെ മക്കൾക്കും, വിധവകളുടെ മക്കൾക്കും മുൻഗണനയുണ്ട് .

വനപ്രദേശങ്ങളിൽ താമസിച്ച് വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യക്തിയാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ സാക്ഷ്യപത്രം ഹാജരാക്കണം. ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന ആളാണെങ്കിൽ അതു സംബന്ധിച്ച സാക്ഷ്യപത്രവും ഹാജരാക്കണം. പ്രാഥമിക പരീക്ഷ ആവശ്യമായി വന്നാൽ ആഗസ്റ്റിൽ നടത്തും. കായികക്ഷമതാപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

 സർട്ടിഫിക്കറ്റ് പരിശോധന

തദ്ദേശസ്വയംഭരണ വകുപ്പിൽ ഓവർസീയർ ഗ്രേഡ് 2/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 324/2020) തസ്തികയിലേക്ക് 11, 12, 13 തീയതികളിൽ രാവിലെ 10 ന് മുൻകാലങ്ങളിൽ ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുത്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ :0471 2546343.