
തിരുവനന്തപുരം: അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ വനിതകളെയും പെൺകുട്ടികളെയും സജ്ജരാക്കാൻ കേരള പൊലീസ് നടപ്പാക്കുന്ന വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ പറഞ്ഞു. മുംബയ്, ഡൽഹി നഗരങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പ്രതിരോധ പരിപാടിയുണ്ട്. മറ്റൊരിടത്തുമില്ല. ഇന്നലെ പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി അനിൽകാന്തും മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രേഖാ ശർമ്മ ഇക്കാര്യം പറഞ്ഞത്. ആയുധം ഉപയോഗിക്കാതെ അക്രമികളെ കീഴ്പ്പെടുത്താൻ പൊലീസുദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്.
നിയമവിദ്യാർത്ഥിനിയായിരുന്ന ആലുവയിലെ മോഫിയ പർവീണിന്റെ മരണത്തെക്കുറിച്ച് കമ്മിഷൻ നേരത്തേ ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രതികളെ അറസ്റ്റുചെയ്ത് കുറ്റപത്രം നൽകിയ വിവരമറിയിച്ച് പൊലീസ് തപാലിൽ റിപ്പോർട്ട് നൽകിയെങ്കിലും കമ്മിഷനിൽ അത് ലഭിച്ചില്ല. ഈ കേസിന്റെ വിവരങ്ങൾ കമ്മിഷൻ അദ്ധ്യക്ഷ ആരാഞ്ഞു. കമ്മിഷനിലേക്കുള്ള റിപ്പോർട്ടുകൾ ഇ-മെയിലിൽ നൽകാൻ അവർ ഡി.ജി.പിയോട് നിർദ്ദേശിച്ചു. ആദിവാസികൾക്ക് സുരക്ഷയൊരുക്കുന്നതിലും സ്ത്രീസുരക്ഷയ്ക്കുള്ള പിങ്ക് പട്രോൾ, പിങ്ക് ബീറ്റ് പദ്ധതികളിലും രേഖാ ശർമ്മ സംതൃപ്തി പ്രകടിപ്പിച്ചു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, വിജയ് സാക്കറെ, എസ്.ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.