
തിരുവനന്തപുരം: സർവകലാശാലകളിൽ അസി. പ്രൊഫസർമാരായി നേരിട്ട് നിയമനം ലഭിക്കാൻ പി എച്ച്.ഡി നിർബന്ധം. യു.ജി.സി നിർദ്ദേശപ്രകാരം 2023 ജൂലായ് ഒന്നു മുതലുള്ള നിയമനങ്ങൾക്ക് പി എച്ച്.ഡി അടിസ്ഥാന യോഗ്യതയാക്കി സർക്കാർ ഉത്തരവിറക്കി.
സർവകലാശാലാ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അസി. പ്രൊഫസർ നിയമനത്തിന് പി എച്ച്.ഡി നിർബന്ധമാക്കണമെന്ന് 2018ൽ തന്നെ യു.ജി.സി നിർദ്ദേശിച്ചിരുന്നതാണ്. ഇത് നടപ്പാക്കുന്നത് കൊവിഡ് സാഹചര്യത്തിൽ നീളുകയായിരുന്നു. ഇതുവരെ യു.ജി.സി നെറ്റ് പരീക്ഷ പാസായവർക്ക് അസി. പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാമായിരുന്നു. കോളേജുകളിലേക്കുള്ള അസി. പ്രൊഫസർ നിയമനം നടത്തുന്നത് പബ്ലിക് സർവീസ് കമ്മിഷനാണ്. യു.ജി.സി നെറ്റാണ് യോഗ്യത. ഇതിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല.