
കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളത്ത് കാർ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. നാവായിക്കുളം ഐശ്വര്യയിൽ പ്രസാദിന്റെ ഭാര്യ അജന്ത (40) യാണ് മരിച്ചത്. നാവായിക്കുളം വലിയപള്ളിക്ക് സമീപം സ്പൂൺ എന്ന ഹോട്ടൽ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ 5 മണിയോടെയായിരുന്നു അപകടം. അജന്ത വീട്ടിൽ നിന്ന് സ്കൂട്ടറിൽ ഹോട്ടലിലേക്ക് പുറപ്പെട്ടതായിരുന്നു. നാവായിക്കുളം അസലിയബാർ ഹോട്ടലിന് സമീപം ദേശീയപാത മറികടന്നയുടനെ കൊല്ലത്ത് നിന്നു തിരുവനന്തപുരം ഭാഗത്തേയ്ക്ക് അമിതവേഗതയിൽ പോകുകയായിരുന്ന കാർ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജന്തയെ ഉടൻതന്നെ 108 ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാരിപ്പള്ളി സ്വദേശിയായ കാർ ഡ്രൈവറെയും, കാറും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഐശ്വര്യ, അനശ്വര എന്നിവരാണ് അജന്തയുടെ മക്കൾ.
ഫോട്ടോകൾ:
അപകടത്തിൽ മരിച്ച അജന്ത
അപകടത്തിൽപ്പെട്ട സ്കൂട്ടറും കാറും