
കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ച കെ.വി. തോമസ് കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കുകയാണെങ്കിൽ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിൽ നിന്ന് പുറത്ത് പോയാലും വഴിയാധാരമൊന്നുമാകാൻ പോകുന്നില്ല.. കോൺഗ്രസിന്റെ മൂന്ന് ജനറൽ സെക്രട്ടറിമാരാണ് സി.പി.എമ്മിലേക്ക് വന്നത്. നേരത്തേ ഇങ്ങനെ കോൺഗ്രസ് വിടുന്നവർ ഘടകകക്ഷികളുമായാണ് സഹകരിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അവർക്ക് സി.പി.എമ്മുമായി സഹകരിക്കുന്നതിൽ പ്രയാസമൊന്നുമില്ല. കെ.വി. തോമസുമായി രാഷ്ട്രീയ ചർച്ചയൊന്നും നടന്നിട്ടില്ല. അദ്ദേഹം നിലപാടെടുത്തത് ഇപ്പോഴാണല്ലോ. സി.പി.എമ്മിന്റെ സെമിനാറിൽ പങ്കെടുക്കണോയെന്നതിൽ തീരുമാനം പറയേണ്ടത് അദ്ദേഹമാണ്. സെമിനാറിലേക്ക് മറ്റുള്ള പാർട്ടിക്കാരെ ക്ഷണിക്കുന്നത് ബഹുസ്വരതയ്ക്ക് വേണ്ടിയാണ്. അവരുടെ എതിർസ്വരങ്ങളും കേൾക്കാനാണല്ലോ ക്ഷണിക്കുന്നത്.
കണ്ണൂരിലായത് കൊണ്ടാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ കൊച്ചിയിൽ നടന്ന സംസ്ഥാനസമ്മേളനത്തിലേക്ക് ചെന്നിത്തലയെ അടക്കം ക്ഷണിച്ചിട്ട് വന്നില്ല. സി.പി.എമ്മുമായി സഹകരിക്കേണ്ടെന്നത് അവരുടെ നിലപാടിന്റെ ഭാഗമാണ്. ബി.ജെ.പിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും ചെയ്യാൻ കേരളത്തിലെ കോൺഗ്രസ് തയ്യാറല്ല. ബി.ജെ.പിയുമായി യോജിച്ച് സമരം നടത്തുകയാണവർ. തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ കെ.വി. തോമസ് മത്സരിക്കുമോയെന്ന ചോദ്യത്തിന്, തൃക്കാക്കരയെക്കുറിച്ച് മാദ്ധ്യമങ്ങൾ ചിന്തിക്കുന്നത് പോലെയല്ല തങ്ങൾ ചിന്തിക്കുന്നതെന്നായിരുന്നു കോടിയേരിയുടെ മറുപടി.