
വിഴിഞ്ഞം: സോളാർ ചൂടിൽ ഇനി പാൽ തണുക്കും. സോളാർ പാനലുകൾ സ്ഥാപിച്ച്പാൽ ശീതീകരിച്ചു സൂക്ഷിക്കുന്ന ജില്ലയിലെ ആദ്യത്തെ സൊസൈറ്റിയാവുകയാണ് വിഴിഞ്ഞം ഉച്ചക്കടയിലുള്ള ഉച്ചക്കട ക്ഷീരോത്പാദക സഹകരണ സംഘം. 10 ലക്ഷത്തോളം മുതൽമുടക്കിലാണ് ഇവിടെ സോളാർ സ്ഥാപിച്ചത്. 15 കിലോ വാട്ടിന്റെ 12 സോളാർ പാനലുകളാണ് ഇവിടെയുള്ളത്. ദിനംപ്രതി 60 യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന മേഖലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന കേന്ദ്രമാണ് ഉച്ചക്കടയിലേത്.
പരിഹാരമായി സോളാർ യൂണിറ്റ്ദിവസവും 10000 ലധികം ലിറ്റർ പാലാണ് ഇവിടെനിന്ന് മിൽമയിലേക്കു കൊണ്ടുപോകുന്നത്. ഇത്രയധികം പാൽ സൂക്ഷിക്കുന്നതിനായാണ് ഇവിടെ ചില്ലിംഗ് യൂണിറ്റ് തുടങ്ങിയത്. ഇതിലേക്കായി ഇവിടെ 5000 ലിറ്റർ സംഭരണശേഷിയുള്ള രണ്ടു യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി 150 യൂണിറ്റ് വൈദ്യുതി ദിവസവും വേണ്ടിവരുന്നു.75000 രൂപ മിനിമം ഈ ഇനത്തിൽ ചാർജായി അടയ്ക്കേണ്ടിവരുന്നു. അതിനുപരിഹാരമെന്നോണമാണ് സോളാർ യൂണിറ്റ് സ്ഥാപിച്ചത്. 2000 ചതുരശ്ര അടിയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിൽ നിന്നുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്.
** കർഷകർക്ക് കൈത്താങ്ങ്
ഇവിടെ സംഭരിക്കുന്നതുകൂടാതെ അതിയന്നൂർ ബ്ലോക്കിലെ മറ്റു 4 സംഘങ്ങളിലെ പാലും ഇവിടെ ചില്ലിംഗ് നടത്തി മിൽമയ്ക്കു കൈമാറുന്നു. മിൽമയുടെ എല്ലാ ഉത്പന്നങ്ങളും സംഘത്തിൽനിന്ന് വാങ്ങാൻകഴിയും. കൂടാതെ 4000 ത്തോളം ചാക്ക് കാലിത്തീറ്റയും ഇവിടെനിന്ന് മാസംതോറും ചെലവാകുന്നു. 200 ഓളം കർഷകർ തുടർച്ചയായി ഇവിടെ പാൽ എത്തിക്കുന്നു. രാവിലെ 6 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തനസമയം.