
കല്ലമ്പലം: സപ്തതി നിറവിലുള്ള മാവിൻമൂട് നവോദയം ഗ്രന്ഥശാല അവഗണനയുടെ പട്ടികയിലാണ്. ഒറ്റൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് നാടിന് അക്ഷരവെളിച്ചം പകർന്ന നവോദയം ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത്. 70 വർഷത്തെ പാരമ്പര്യമുള്ള ഗ്രന്ഥശാല തുറക്കുന്നുണ്ടെങ്കിലും കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മഴ നനഞ്ഞും ചിതലെടുത്തും ധാരാളം പുസ്തകങ്ങൾ നശിച്ചു. മാവിൻമൂട് പ്രദേശത്തെ ഒരുകൂട്ടം അക്ഷരസ്നേഹികളുടെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് 1951ൽ നവോദയം ഗ്രന്ഥശാല ആരംഭിച്ചത്. വർഷങ്ങൾ കഴിഞ്ഞാണ് ഗ്രന്ഥശാലയ്ക്ക് സ്വന്തം സ്ഥലവും കെട്ടിടവും ഉണ്ടാകുന്നത്. മുള്ളറംകോട് ഗവ.എൽ.പി സ്കൂളിനോട് ചേർന്ന് നാല് സെന്റ് സ്ഥലം സൗജന്യമായി നൽകിയത് രാമൻകുട്ടിക്കുറുപ്പ് എന്ന അദ്ധ്യാപകനായിരുന്നു. പ്രദേശത്ത് പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്ന ഗ്രന്ഥശാലയുടെ പതനത്തിൽ നാട്ടുകാർ നിരാശയിലാണ്. ഗ്രന്ഥശാല ആധുനിക രീതിയിൽ നവീകരിച്ച് പുതിയ തലമുറയ്ക്ക് ഉപയോഗപ്രദമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കടമുറിയിൽ പരിമിതമായ സൗകര്യങ്ങളിലായിരുന്നു ആദ്യകാലത്ത് ഗ്രന്ഥശാലയുടെ പ്രവർത്തനം. മികച്ച പ്രവർത്തനങ്ങളായിരുന്നു അക്കാലത്ത് നടന്നത്. റേഡിയോ പ്രക്ഷേപണം കേൾക്കാൻ നിരവധി പേർ അന്ന് ഗ്രന്ഥശാലയിലെത്തിയിരുന്നു. ഗ്രന്ഥശാലാ സംഘത്തിന്റെയും നിസ്വാർത്ഥരായ നാട്ടുകാരുടെയും സഹായത്തോടെ 1987ലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്. സമീപ പ്രദേശങ്ങളിലെ ഗ്രന്ഥശാലകൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഒട്ടേറെ പ്രവർത്തനങ്ങളാണ് അന്ന് നടന്നിരുന്നത്.
റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ പതിനായിരത്തിലേറെ പുസ്തകങ്ങളും ലൈബ്രറി കൗൺസിൽ എ ഗ്രേഡ് അഫിലിയേഷനും നേടിയ ഗ്രന്ധശാലയിൽ കാലത്തിനനുസരിച്ചുള്ള നവീകരണം നടത്താൻ കഴിയാതായതോടെ ഗ്രന്ഥശാലയുടെ പ്രവർത്തനം മന്ദീഭവിച്ചു. കെട്ടിടത്തിന് ചോർച്ചയുണ്ടാകുകയും മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നുവീഴുകയും ചെയ്തു. പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കെട്ടിടത്തിന്റെ ബലക്ഷയം തീർക്കാനായില്ല.
ഗ്രന്ഥശാല കൃത്യമായി തുറക്കാതായതോടെ പുസ്തകം എടുക്കാൻ വരുന്നവരുടെ എണ്ണം കുറഞ്ഞു.ഗ്രന്ഥശാലാ പരിസരം മദ്യപർ താവളമാക്കിയതോടെ ഗ്രന്ധശാലയിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞുകുട്ടികളുടെ പുസ്തക കോർണർ ആരംഭിച്ചെങ്കിലും അതും പ്രവർത്തന രഹിതമാണ്.ഗ്രന്ഥശാല നവീകരിക്കുന്നതിന് പഞ്ചായത്തിന്റെ ഇടപെടൽ ഉണ്ടായില്ല.