
വെള്ളറട: കുരിശുമല -കൂതാളി റോഡിൽ സംഗമവേദിക്കുസമീപം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമില്ല. മഴപെയ്താൽ റോഡിൽ മുട്ടോളം വെള്ളം കെട്ടിനിൽക്കുന്നതുകാരണം ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കുരിശുമല തീർത്ഥാടനം നടന്ന സമയത്തും പെയ്ത ശക്തമായ മഴയിൽ ഇവിടെ വെള്ളം കയറിയിരുന്നു. നേരത്തേ വെള്ളക്കെട്ടിൽ ഇരുചക്രവാഹന യാത്രക്കാരൻ വീണ് അപകടം പറ്റിയതോടെ ശക്തമായ പ്രതിക്ഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി തത്കാലം വെള്ളം വെട്ടി വിട്ടു. പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പുനൽകിയെങ്കിലും ഇതുവരെയും പരിഹാരം കണ്ടില്ല. ഇപ്പോഴും ഇവിടെ വെള്ളം കെട്ടിനിൽക്കുകയാണ്. തീർത്ഥാടനത്തിനെത്തിയവർ രണ്ടുദിവസം പെയ്ത മഴയിലും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.